എറണാകുളം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലം റിമാൻഡിൽ. രണ്ടാഴ്ചത്തേക്ക് ആണ് ഇയാളെ കോടതി റിമാൻഡ് ചെയ്തത്. അസ്ഫാഖിനെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം പോലീസ് കോടതിയിൽ അപേക്ഷ നൽകും.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ അസ്ഫാഖിനെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നായിരുന്നു കോടതി റിമാൻഡ് ചെയ്തത്. കേസിൽ തെളിവെടുപ്പ് ബാക്കിയുണ്ട്. ഇതിന് വേണ്ടിയാണ് അസ്ഫാഖിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇന്നലെ ഇയാളെ കുട്ടിയുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ജനരോഷത്തെ തുടർന്ന് അസ്ഫാഖുമായി പോലീസ് തിരികെ മടങ്ങുകയായിരുന്നു.
അതേസമയം അസ്ഫാഖിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. ഇയാൾ പ്രശ്‌നക്കാരൻ ആണെന്നാണ് കൂടെയുള്ളവരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അസ്ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ അന്വേഷണ സംഘം ബിഹാറിലേക്ക് പോകുന്നത്.
Discussion about this post