കൊച്ചി: ക്ഷേത്രോത്സവങ്ങൾക്കിടയിൽ അശ്ലീല ഗാനങ്ങൾ പാടാനും ഡാൻസ് കളിക്കാനും അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിർദേശം.ആലപ്പുഴ ചേർത്തല കാർത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം വേല തുള്ളൽ, ആയില്യം, മകം ഉത്സവത്തോട് അനുബന്ധിച്ച് ചിലർ അശ്ലീല ഗാനങ്ങൾ വയ്ക്കുകും നൃത്തം ചെയ്യുകയും ചെയ്തിരുന്നു. ഇത് ഭക്തർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് തർക്കങ്ങൾ പതിവായതിനെ തുടർന്ന് ചേർത്തല സ്വദേശി ഇ കെ സിനിൽ കുമാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പൂരം വേല തുള്ളൽ ആഘോഷങ്ങൾ പരിധി ലംഘിക്കുന്ന തരത്തിലാകരുത്. അത്തരം ആചാരങ്ങൾ അതിനായി നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് ഒതുക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
നാലമ്പലത്തിന് മുൻവശത്തുള്ള ആനക്കൊട്ടിലിൽ യുവാക്കളും മറ്റും മദ്യപിച്ചും ചെരിപ്പു ധരിച്ചും ക്ഷേത്രത്തിൽ കയറുന്നതും പാട്ടിന്റെ താളമനുസരിച്ച് ക്ഷേത്രമണി മുഴക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആചാരപ്രകാരമുള്ള കർമ്മങ്ങൾ എല്ലാ ഭക്തർക്കും നിർവഹിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ഷേത്രപരിസരത്ത് ദേവസ്വം ബോർഡ് സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മതിയായ പോലീസുകാരെ വിന്യസിക്കാൻ ജില്ലാ പോലീസ് മേധാവി പദ്ധതി തയാറാക്കണമെന്നും കോടതി നിർദേശമുണ്ട്.
Discussion about this post