മലപ്പുറം: കഴിഞ്ഞ ദിവസമാണ് ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങിയത്. ഈ മാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു രാഹുൽ ചികിത്സകൾക്കായി കോട്ടയ്ക്കൽ എത്തിയത്. കാൽ മുട്ട് വേദനയ്ക്കായിരുന്നു ചികിത്സ.
ഡോക്ടർമാരുടെ ചികിത്സാനിർദേശങ്ങൾ അതേപടി അനുസരിക്കുന്ന രോഗിയെന്നാണ് രാഹുൽ ഗാന്ധിയെ കുറിച്ചുള്ള കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയരുടെ പരാമർശം. എല്ലാ അർത്ഥത്തിലും നല്ലൊരു രോഗി എന്ന വിശേഷണമാണ് ഡോക്ടർക്ക് രാഹുലിന് നൽകാനുള്ളത്.
വളരെ ലളിതമായ ഭക്ഷണക്രമമാണ് ഇവിടെ വരുമ്പോഴേ അദ്ദേഹത്തിന്റേത്. വറുത്തതോ പൊരിച്ചതോ ആയ ഇനങ്ങൾ ഒന്നുമില്ല. ചികിത്സയിൽ കഴിഞ്ഞപ്പോൾ കൂടുതൽ ചിട്ടവന്നു. ഏതുകാര്യം പറഞ്ഞാലും കൃത്യമായി അനുസരിക്കും. റൗണ്ട്‌സിന്റെ ഭാഗമായി എല്ലാദിവസവും മുറിയിലെത്തുമ്പോൾ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുമായിരുന്നു. അതൊക്കെ ചികിത്സയ്ക്കു കൂടുതൽ സഹായകരമായെന്ന് ഡോക്ടർ പറയുന്നു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷമായിരുന്നു രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയത്. ഭാരത് ജോഡോ യാത്രക്ക് ശേഷംകാൽ മുട്ടു വേദന അനുഭവപ്പെട്ടതിനെ കോട്ടക്കലിൽ ചികിത്സയ്ക്ക് എത്തിയത്.
Discussion about this post