മുംബൈ: മഹാരാഷ്ട്രയിൽ യന്ത്രം തകർന്ന് വീണ് 16 തൊഴിലാളികൾക്ക് ദാരുണാന്ത്യം. സ്മൃതി എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ആയിരുന്നു സംഭവം. പാലം നിർമ്മാണത്തിനായി എത്തിച്ച ഗാൻട്രി ക്രെയ്ൻ ആണ് തകർന്ന് വീണത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. താനെ ജില്ലയിലാണ് എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഗർഡർ സ്ഥാപിക്കുന്നതിനിടെ യന്ത്രം തകർന്ന് വീഴുകയായിരുന്നു. സംഭവ സമയം നിരവധി തൊഴിലാളികളാണ് യന്ത്രത്തിന് സമീപം ഉണ്ടായിരുന്നത്. യന്ത്രഭാഗങ്ങൾ തൊഴിലാളികളുടെ ശരീരത്തിൽ പതിച്ചു.
14 തൊഴിലാളികൾ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബാക്കി രണ്ട് പേരുടെ മരണം ആശുപത്രിയിൽ എത്തിയ ശേഷമായിരുന്നു സ്ഥിരീകരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണ നിരക്ക് ഇനിയും ഉയരാനാണ് സാദ്ധ്യത.
സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
Discussion about this post