ചണ്ഡിഗഢ്: ഹരിയാനയിലെ നൂഹിൽ കലാപകാരികൾക്കെതിരെ കർശന നടപടിയുമായി സർക്കാർ. 44 എഫ്‌ഐആറുകളാണ് ഇതുവരെ ഫയൽ ചെയ്തത്. 70 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയിൽ രണ്ട് ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഗുഡ്ഗാവിലെ ബാദ്ഷാപൂരിലും സംഘർഷം ഉണ്ടായിരുന്നു. പോലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആരോപിച്ചു. നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. ഒരു ഘോഷയാത്ര സംഘടിപ്പിച്ചതിന്റെ പേരിൽ ഒരു സംഘം പോലീസിനെയും ഘോഷയാത്രയിൽ പങ്കെടുത്തവരെയും ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക യാത്രയ്ക്ക് നേരെ മുസ്ലീം തീവ്രവാദികൾ കല്ലെറിയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. ജലാഭിഷേക യാത്രയിൽ പങ്കെടുത്ത വിശ്വാസികൾ ഭയന്ന് ഒരു ക്ഷേത്രത്തിൽ അഭയം തേടുകയായിരുന്നു. പോലീസിന് നേരെയും അക്രമം നടത്തി.
രാവിലെ അംബാലയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്ജും ചൂണ്ടിക്കാട്ടിയിരുന്നു. പല സ്ഥലങ്ങളിലാണ് കലാപം ഉണ്ടായത്. കല്ലുകളും ആയുധങ്ങളും ശേഖരിച്ചുവെച്ചതും കലാപം ഉണ്ടായ രീതിയും പരിശോധിക്കുമ്പോൾ പെട്ടന്നുണ്ടായതല്ലെന്ന് അനിൽ വിജ് പറഞ്ഞു.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുളള ചിലരുടെ ആസൂത്രിത ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘർഷമേഖലകളിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുളളത്. അഞ്ച് പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post