കൊച്ചി: മണിപ്പൂർ സംഘർഷത്തിൽ ആർഎസ്എസിനെ പ്രതിസ്ഥാനത്ത് ചിത്രീകരിക്കാൻ ആസൂത്രിത നീക്കവുമായി ഇടതുമുന്നണി. എറണാകുളത്ത് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ വിഷയത്തിൽ വായ് മൂടിക്കെട്ടി നടത്തിയ പ്രകടനത്തിലായിരുന്നു സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ആർഎസ്എസിനെ പ്രതിസ്ഥാനത്ത് ചിത്രീകരിക്കാൻ ശ്രമിച്ചത്.
കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടിയാണ് ജാഥ നടത്തിയത്. എന്നാൽ ഇതിനൊപ്പം ഉണ്ടായിരുന്ന പ്ലോട്ടിൽ ആർഎസ്എസിന്റെ മുൻ ഗണവേഷത്തിന് സമാനമായ വേഷം ധരിച്ച് കൈയ്യിൽ ശൂലവും കാവിക്കൊടിയുമായി നിൽക്കുന്നവരെയും ചിത്രീകരിക്കുകയായിരുന്നു. മണിപ്പൂർ സംഘർഷത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന തെറ്റിദ്ധാരണ പരത്തുകയായിരുന്നു ലക്ഷ്യം. മണിപ്പൂർ സംഘർഷവുമായി ആർഎസ്എസിനോ സംഘപരിവാർ സംഘടനകൾക്കോ യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് എൽഡിഎഫിന്റെ പച്ചയായ നുണപ്രചാരണം പകൽവെളിച്ചത്ത് നടന്നത്.
ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം വർഗീയമല്ലെന്ന് സിപിഎം മണിപ്പൂർ സംസ്ഥാന സെക്രട്ടറിയും ഇംഫാൽ ആർച്ച് ബിഷപ്പും കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സത്യം ഇതായിരിക്കെയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആർഎസ്എസിനെ പ്രതിസഥാനത്ത് ചിത്രീകരിക്കാൻ എൽഡിഎഫ് നേതാക്കൾ ശ്രമിച്ചത്.
പരിപാടിക്ക് മുന്നോടിയായി നടത്തിയ മൈക്ക് അനൗൺസ്‌മെന്റിലും വിഷയം വർഗീയമായി ചിത്രീകരിക്കുന്ന വാക്കുകളും വാചകങ്ങളുമാണ് ഉപയോഗിച്ചത്. മണിപ്പൂരിലെ പെൺമക്കളും അമ്മമാരും മതഭ്രാന്തൻമാരാൽ പിച്ചിച്ചീന്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഉൾപ്പെടെയാണ് അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്നും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയും മണിപ്പൂരിന്റെ ഐക്യത്തിന് വേണ്ടിയും ജനമനസുകളെ ഒന്നിക്കൂ എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് എൽഡിഎഫ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ പരിപാടിയാണ് ഇത്തരത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമുളള വേദിയാക്കി എൽഡിഎഫ് മാറ്റിയത്.
സിപിഎം നേതാക്കളായ ടിഎം തോമസ് ഐസക്, മന്ത്രി പി രാജീവ്, എൻഎസ് മാധവൻ തുടങ്ങിയവരും മുൻനിരയിൽ ഉണ്ടായിരുന്നു. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് ആയിരുന്നു പ്രകടനം.
Discussion about this post