ആയുസ്സ് കൂട്ടാന്‍ കഴിയുമോ, പലര്‍ക്കും ഉള്ള സംശയമാണിത്. നമ്മള്‍ മനസ്സുവെച്ചാല്‍ അതിന് കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെത്തന്നെ ആയുസ്സ് കുറയ്ക്കാനും ഒരു വ്യക്തി വിചാരിച്ചാല്‍ കഴിയും. നമ്മുടെ ജീവിതരീതിയും ആയുസ്സും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ട്. ചില ശീലങ്ങള്‍ നമ്മുടെ ദീര്‍ഘായുസ്സിന് വെല്ലുവിളിയാണ്. അവയൊന്ന് മാറ്റിപ്പിടിച്ചാല്‍ കുറച്ചുകാലം കൂടി ഈ മനോഹരഭൂമിയില്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ നമുക്ക് സാധിക്കും. അത്തരത്തില്‍, ആയുസ്സിന് വിലങ്ങുതടിയായ ചില ശീലങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആ ശീലങ്ങള്‍ മാറ്റിയാല്‍ ശരാശരി 20 വര്‍ഷം കൂടുതല്‍ ജീവിക്കാമെന്നാണ് അവരുടെ പഠനം പറയുന്നത്.
വ്യായാമക്കുറവ്, വേദനസംഹാരികളുടെ ഉപയോഗം, പുകവലി എന്നിവ ആയുസ്സ് കുറയ്ക്കുന്നതില്‍ പ്രധാനികളാണ്. ഇവ അകാലമരണസാധ്യത 30-45 ശതമാനം വര്‍ധിപ്പിക്കുന്നു. സ്‌ട്രെസ്സ്, മദ്യപാനം, മോശം ആഹാരം, ഉറക്കമില്ലായ്മ എന്നിവയും ആയുസ്സിന് വെല്ലുവിളിയാണ്. ഇവ കാരണം ഒരു വ്യക്തിയുടെ അകാലമരണസാധ്യത 20 ശതമാനം വര്‍ധിക്കും. സാമൂഹിക ബന്ധങ്ങള്‍ ഇല്ലാതെ പോകുന്നതും ആയുസ്സ് കുറയ്ക്കുന്ന ഒരു ഘടകമാണ്. ഇങ്ങനെ ആയുസ്സിന് വിലങ്ങുതടിയായ എട്ട് ശീലങ്ങളാണ് ശാസ്ത്രജ്ഞര്‍ തങ്ങളുടെ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബോസ്റ്റണില്‍ വെച്ചുനടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ഈ പഠനത്തിലെ കണ്ടെത്തലുകള്‍ പങ്കുവെച്ചത്. അതോടൊപ്പം മറ്റൊരു സമാനപഠനവും ചര്‍ച്ച ചെയ്യപ്പെട്ടു. ഒലീവെണ്ണ കഴിക്കുന്നത് മറവിരോഗം മൂലമുള്ള മരണസാധ്യത കുറയ്ക്കുമെന്നതായിരുന്നു ആ പഠനം മുന്നോട്ടുവെച്ച കണ്ടെത്തല്‍. ദിവസവും അര ടേബിള്‍സ്പൂണ്‍ ഒലീവെണ്ണ കഴിച്ചാല്‍ മറവിരോഗം കൊണ്ടുള്ള മരണസാധ്യത 28 ശതമാനം കുറയ്ക്കാനാകുമെന്നാണ് പഠനം അവകാശപ്പെടുന്നത്.
ദീര്‍ഘായുസ്സിന് വെല്ലുവിളിയായ മേല്‍പ്പറഞ്ഞ ശീലങ്ങളൊന്നും ഇല്ലാത്ത, വ്യായാമം ചെയ്യുന്ന, പുകവലിക്കാത്ത പുരുഷന്മാര്‍ ഈ ശീലങ്ങളുള്ളവരെ അപേക്ഷിച്ച് 24 വര്‍ഷവും സ്ത്രീകള്‍ 21 വര്‍ഷവും കൂടുതല്‍ കാലം ജീവിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ജീവിതത്തിലെ ഓരോ ശീലവും ആയുസ്സുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പഠനം. സമൂഹത്തിന്റെ പൊതുവായ ആരോഗ്യത്തിനും വ്യക്തിഗത ക്ഷേമത്തിനും ആരോഗ്യപൂര്‍ണ്ണമായ ശീലങ്ങള്‍ ആവശ്യമാണെന്നാണ് ഈ ഗവേഷണം നിര്‍ദ്ദേശിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ മേല്‍പ്പറഞ്ഞ ശീലങ്ങള്‍ മാറ്റി നല്ല ശീലങ്ങളിലേക്ക് മാറുന്നതാണ് നല്ലത്. എങ്കിലും നാല്‍പ്പതുകളിലായാലും അമ്പതുകളിലായാലും അറുപതുകളിലായാലും ഈ ദുശ്ശീലങ്ങള്‍ മാറ്റുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഗുണമുണ്ടാക്കുമെന്ന് പഠനകര്‍ത്താക്കള്‍ പറയുന്നു.
Discussion about this post