ലക്‌നൗ: ഹൈക്കോടതി ഉത്തരവിന് പിന്നാലെ ജ്ഞാൻ വാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് മസ്ജിദിൽ പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിയോടെ മസ്ജിദിൽ എത്തിയ ഗവേഷക സംഘം പരിശോധനകളിലേക്ക് കടക്കുകയായിരുന്നു.
ഹിന്ദു ക്ഷേത്രം തകർത്താണോ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് പ്രധാനമായും ഗവേഷക സംഘം പരിശോധിക്കുന്നത്. ഗവേഷക സംഘത്തോടൊപ്പം പ്രാദേശിക ഭരണകൂടത്തിലെ പ്രതിനിധികളും ഉണ്ട്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനും ഗവേഷക സംഘത്തോടൊപ്പമുണ്ട്. ഗവേഷക സംഘത്തെ അനുഗമിക്കാൻ ഇരു വിഭാഗങ്ങളുടെ അഭിഭാഷകർക്കും വാരാണസി കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ പരിശോധനയിൽ നിന്നും വിട്ടു നിന്നു.
പരിശോധനയ്ക്കിടെ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്ന് അതീവ സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. വൻ പോലീസ് സന്നാഹം മസ്ജിദിലും പരിസരങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
ഇന്നലെയാണ് മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു കോടതിയുടെ ഉത്തരവ്. മസ്ജിദിൽ പരിശോധന നടത്താൻ ഹിന്ദു വിഭാഗത്തിന്റെ ഹർജി പരിഗണിച്ച് വാരാണസി കോടതിയായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ മാസം 24 ന് പരിശോധനയ്ക്കായി ഗവേഷക സംഘം മസ്ജിദിൽ എത്തി. എന്നാൽ താത്കാലികമായി സർവ്വേ നിർത്തിവയ്ക്കാൻ സുപ്രീംകോടതിയിൽ നിന്നും ഉത്തരവ് വാങ്ങുകയായിരുന്നു.
Discussion about this post