നമ്മുടെ നാട്ടിൽ സർവസാധാരണയായി കണ്ടു വരുന്ന ഒരു ഉരഗമാണ് ഓന്ത്. പല്ലി കുടുംബത്തിൽ പെടുന്ന ഇവർ നിറം മാറാനുള്ള കഴിവിന്റെ പേരിലാണ് പൊതുവിൽ ജന്തുലോകത്ത് താരപദവി നിലനിർത്തുന്നത്. എന്നാൽ, നിറം മാറാനുള്ള കഴിവ് മാത്രമല്ല ഇവയുടെ സഹജമായ തനത് പ്രത്യേകതകൾ. ഓന്തുകളുടെ മറ്റ് സവിശേഷ സിദ്ധി വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചുറ്റുപാടുകൾക്ക് അനുസരിച്ച് ഓന്ത് നിറം മാറുന്നു എന്നാണ് പൊതുവിൽ പറയപ്പെടുന്നത്. എന്നാൽ ഇത് പൂർണമായും ശരിയല്ല. ശാരീരിക അവസ്ഥ, താപനിലയിലെയും വെളിച്ചത്തിലെയും മാറ്റം, അന്തരീക്ഷ ആർദ്രത എന്നിവയും ഓന്തുകളുടെ നിറം മാറ്റത്തിന് കാരണമാകുന്നു എന്നാണ് വിവരം.
തലയ്ക്ക് പിറകിലും കണ്ണുള്ള ജീവി എന്നും ഓന്തിനെ കുറിച്ച് പറയാറുണ്ട്. ആശയപരമായി ഇത് വസ്തുതയാണ്. രണ്ട് കണ്ണുകളേ ഇവയ്ക്ക് ഉള്ളൂവെങ്കിലും, 360 ഡിഗ്രിയിൽ ചലിപ്പിക്കാൻ കഴിയുന്നവയാണ് ഇവ. പിന്നിൽ നിന്നും വരുന്ന ആക്രമണങ്ങളെ മുൻകൂട്ടി കാണാൻ ഈ ഗുണം ഇവയെ സഹായിക്കുന്നു.
ചൂടുള്ള കാലാവസ്ഥയാണ് പൊതുവിൽ ഓന്തുകൾ ഇഷ്ടപ്പെടുന്നത്. സബ് സഹാറൻ ആഫ്രിക്ക, മഡഗാസ്കർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.
പല വലുപ്പത്തിലും ആകൃതിയിലുമുള്ള ഓന്തുകളുണ്ട്. മഡഗാസ്കർ ദ്വീപിൽ കാണപ്പെടുന്ന മലഗാസി ഭീമൻ ഓന്താണ് ഇവരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ നീളമുള്ളവർ. 70 സെന്റി മീറ്റർ വരെയാണ് ഇവയുടെ നീളം. മഡഗാസ്കറിൽ തന്നെ കാണപ്പെടുന്ന ബ്രൂകെസിയ മൈക്ര ഓന്താണ് ഇവരുടെ കൂട്ടത്തിലെ ഇത്തിരിക്കുഞ്ഞൻ. 30 മില്ലിമീറ്റർ മാത്രമാണ് ഇവരുടെ പരമാവധി നീളം.
ശക്തമായ നാവുകളാണ് ഓന്തുകൾക്ക് ഉള്ളത്. ശരീരത്തിന്റെ രണ്ടിരട്ടി വരെ നീളത്തിൽ പുറത്തേക്ക് നാവ് ഉന്താൻ ചില ഓന്തുകൾക്ക് കഴിവുണ്ട്. മാംസവും അസ്ഥികളും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇവയുടെ നാവുകൾക്ക് ഇരകളെ വരിഞ്ഞ് മുറുക്കാനുള്ള കരുത്തുണ്ട്. അതിവേഗത്തിൽ നാവ് ചുഴറ്റാനും ഇവർക്ക് കഴിയും.
പ്രാണികളാണ് ഓന്തുകളുടെ പ്രിയപ്പെട്ട ഭക്ഷണം. നിവൃത്തിയില്ലെങ്കിൽ ഇവർ അഴുകിയ ഇലകളും പഴങ്ങളും ഭക്ഷിക്കും. ചീവീടുകളാണ് ചില ഓന്തുകളുടെ പ്രിയപ്പെട്ട ഭക്ഷണം. ചില ഓന്തുകൾ ചെറിയ പക്ഷികളെ വരെ അകത്താക്കുമ്പോൾ ചിലർ ചെറിയ ഓന്തുകളെ തന്നെ ആഹാരമാക്കുന്നു.
മരപ്പൊത്തുകളിലും ശിഖരങ്ങളിലും ഇരിക്കാനാണ് ഓന്തുകൾക്ക് ഏറെ ഇഷ്ടം. കാലുകൾക്ക് പുറമേ വാല് ഉപയോഗിച്ചും ഇവർ മരങ്ങളിൽ പറ്റിച്ചേർന്ന് ഇരിക്കുന്നു. മരച്ചില്ലകളിൽ വാൽ പലയാവർത്തി ചുറ്റി ശരീരത്തിന്റെ ബാലൻസ് ഉറപ്പാക്കാൻ ഓന്തുകൾക്ക് കഴിവുണ്ട്.
ആൺ ഓന്തുകളും പെൺ ഓന്തുകളും തമ്മിൽ പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. ആൺ ഓന്തുകൾക്ക് കൊമ്പ് പോലെയും ഉയർന്നു നിൽക്കുന്ന മുള്ള് പോലെയുമുള്ള അടയാളങ്ങൾ ശരീരത്തിലുണ്ട്. ശരീരത്തിലെ ഈ അലങ്കാരങ്ങളും മുള്ളുകളും ഉപയോഗിച്ച് ഇണയെ ആകർഷിക്കാനും ശത്രുക്കളെ ഭയപ്പെടുത്താനും ഈ വിരുതന്മാർക്ക് കഴിവുണ്ട്.
ഗംഭീരമായ കാഴ്ച ശക്തിയാണ് ഓന്തുകളുടെ മറ്റൊരു സുപ്രധാന സവിശേഷത. ഭക്ഷണം കണ്ടെത്താനും ശത്രുക്കളെ തിരിച്ചറിയാനും ഈ കാഴ്ചശക്തി ഇവരെ സഹായിക്കുന്നു, അഞ്ച് മുതൽ പത്ത് മീറ്റർ അകലത്തിൽ വരെയുള്ള ഇരകളെയും ശത്രുക്കളെയും ഇവർക്ക് തിരിച്ചറിയാൻ സാധിക്കുന്നു.
മനുഷ്യന് തിരിച്ചറിയാൻ സാധിക്കാത്ത അൾട്രാവയലറ്റ് രശ്മികൾ കാണാനുള്ള കഴിവ് ഓന്തുകൾക്കുണ്ട്. അൾട്രാവയലറ്റ് രശ്മികൾ ഇവയുടെ ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചശക്തി കൂടുതലാണെങ്കിലും ഇവർക്ക് കേൾവിശക്തി കുറവാണ്. 200 ഹേർട്സിനും 600 ഹേർട്സിനും ഇടയിലുള്ള ശബ്ദങ്ങൾ മാത്രമേ ഇവയ്ക്ക് കേൾക്കാൻ സാധിക്കൂ.
അൽപ്പായുസ്സുക്കളായ ജീവികളാണ് ഓന്തുകൾ. 4 മുതൽ 12 മാസം വരെയാണ് ഇവയുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം. ചില പ്രത്യേക തരം ഓന്തുകളുടെ മുട്ട വിരിയാൻ 24 മാസം വരെ എടുക്കുന്നു. ഓന്തുകൾ അവ ഉൾപ്പെടുന്ന വിഭാഗത്തിന് അനുസരിച്ച് 3 മുതൽ 200 മുട്ടകൾ വരെ ഇടുന്നു. എന്നാൽ, 2 വർഷം വരെ മാത്രമാണ് ഇവയുടെ ആയുസ്സ്. ചില അപൂർവയിനം ഓന്തുകൾ 10 വർഷം വരെ ജീവിക്കുന്നു.
Discussion about this post