ന്യൂഡൽഹി: ഇന്ത്യയുടെ ആശയത്തെ സംരക്ഷിക്കുകയാണ് തന്റെ ജോലിയെന്നും ഇനിയും അത് തുടരുമെന്നും രാഹുൽ ഗാന്ധി. പിന്നാക്ക സമുദായത്തെ ആക്ഷേപിച്ച സംഭവത്തിൽ രാഹുലിന് രണ്ട് വർഷത്തെ ശിക്ഷ വിധിച്ച സൂററ്റ് കോടതിവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
വിധിയുടെ പശ്ചാത്തലത്തിൽ അയോഗ്യമാക്കപ്പെട്ട രാഹുലിന്റെ ലോക്‌സഭാംഗത്വവും ഇതോടെ പുനസ്ഥാപിക്കപ്പെടും. വയനാട് എംപിയായി രാഹുലിന് തുടരാം. ഈ സാഹചര്യത്തിലായിരുന്നു പ്രതികരണം. നേരത്തെ സൂററ്റ് സെഷൻസ് കോടതി വിധി ഗുജറാത്ത് ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് രാഹുൽ സുപ്രീംകോടതിയിലെത്തിയത്.
സുപ്രീംകോടതി ഉത്തരവിന് പിന്നാലെ സഹോദരി പ്രിയങ്കയുമൊത്ത് രാഹുൽ പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ വലിയ സ്വീകരണമാണ് രാഹുലിന് ഒരുക്കിയിരുന്നത്. കോൺഗ്രസിന്റെ പ്രധാന നേതാവായ രാഹുലിന്റെ പാർലമെന്റംഗത്വം അയോഗ്യമാക്കപ്പെട്ടത് കോൺഗ്രസിന് വലിയ നാണക്കേടായിരുന്നു. രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധമുൾപ്പെടെ സംഘടിപ്പിച്ചെങ്കിലും ഹൈക്കോടതി കൂടി വിധി ശരിവെച്ചതോടെ പാർട്ടി പ്രതിരോധത്തിലായി.
രാഹുലിന്റെ പാർലമെന്റംഗത്വം പുനസ്ഥാപിക്കുന്നതിൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടത്. 2019 തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ മോദി സമുദായത്തെ അവഹേളിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. കളളൻമാർക്കെല്ലാം എങ്ങനെയാണ് മോദി എന്ന പേര് വരുന്നതെന്ന് ആയിരുന്നു രാഹുലിന്റെ ചോദ്യം. രാഹുലിന്റെ പരാമർശം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുൻമന്ത്രി കൂടിയായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.
കോൺഗ്രസ് ആസ്ഥാനത്ത് രാഹുലിനെ ബൊക്കെ നൽകിയും ഷാൾ അണിയിച്ചുമാണ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുളള നേതാക്കൾ സ്വീകരിച്ചത്. മധുരവുമായി പ്രവർത്തകരും പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു.









Discussion about this post