ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന 17 കാരി മരണത്തിന് കീഴടങ്ങി. കട്ടപ്പന സ്വദേശി ആൻമരിയ ജോയ് ആണ് അന്തരിച്ചത്. കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അർദ്ധ രാത്രി 12.58 ഓടെയായിരുന്നു മരണം സംഭവിച്ചത്. എറണാകുളത്തെ അമൃത ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുട്ടിയെ തുടർ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ ഇന്നലെയോടെ ആൻമരിയയുടെ ആരോഗ്യനില വഷളായിരുന്നു. ഇതേ തുടർന്നായിരുന്നു അന്ത്യം.
ജൂൺ ഒന്നിനായിരുന്നു കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. രാവിലെ പള്ളിയിലെ കുർബാനയിൽ പങ്കെടുക്കുകയായിരുന്നു കുട്ടി. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതർ അറിയിക്കുകയായിരുന്നു.
എന്നാൽ കുട്ടിയെ അതിവേഗം ആശുപത്രിയിൽ എത്തിക്കുന്നതിന് ദൂരം വെല്ലുവിളിയായത് വലിയ ആശങ്ക സൃഷ്ടിച്ചു. എന്നാൽ നാട്ടുകാരുടെ ഇടപെടലിൽ 139 കിലോ മീറ്റർ രണ്ട് മണിക്കൂറും 40 മിനിറ്റും കൊണ്ടാണ് ആംബുലൻസ് താണ്ടിയത്.
ആൻമരിയയുടെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ രണ്ട് മണിയ്ക്ക് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ നടക്കും.
Discussion about this post