എറണാകുളം: നടൻ ബാലയ്‌ക്കെതിരെ പോലീസ് കേസ്. യൂട്യൂബറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനാണ് ബാലയ്‌ക്കെതിരെ കേസ് എടുത്തത്. യൂട്യൂബറിന്റെ സുഹൃത്തിന്റെ പരാതിയിലാണ് പോലീസ് നടപടി.
യൂട്യൂബർ അജു അലക്‌സിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ബാലയ്‌ക്കെതിരായ പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദർ ആണ് ബാലയ്‌ക്കെതിരെ പരാതി നൽകിയത്. അടുത്തിടെ ബാലയ്‌ക്കെതിരെ അജു വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇതിന്റെ വിരോധത്തെ തുടർന്നാണ് ബാല വീട്ടിലേക്ക് കയറിവന്ന് ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയ്‌ക്കൊപ്പമാണ് ബാല വീട്ടിലേക്ക് കയറി വന്നത് എന്ന് അജു പറഞ്ഞു. എന്നാൽ സംഭവ സമയം താൻ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്തിനോട് തനിക്കെതിരെ ഭീഷണി മുഴക്കുകയായിരുന്നു. സുഹൃത്തിന് നേരെ ബാല തോക്ക് ചൂണ്ടി. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് നടൻ മുറിയിൽ നിന്നും പോയത്. രണ്ട് ഗുണ്ടകളും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നും അജു വ്യക്തമാക്കി.
അതേസമയം പോലീസ് കേസ് എടുത്തതിന് പിന്നാലെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബാല രംഗത്ത് എത്തി. മനുഷ്യരുണ്ടെങ്കിൽ നിന്റെ സ്വഭാവം മനസിലാക്കും . ചെറിയ കുട്ടികൾക്ക് വേണ്ടിയെങ്കിലും നിങ്ങൾ നാക്ക് അടക്കിവയ്ക്കണം. കേസ് കൊടുക്കുമെന്ന് അറിയാം. അതുകൊണ്ട് തന്നെ മുറിയിൽ നടന്ന കാര്യങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും ബാല പറഞ്ഞു. ഈ വീഡിയോ ബാല സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post