തിരുവനന്തപുരം : ആശുപത്രിയിൽ കയറി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. രോഗിയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ കരകുളം മുളമുക്ക് എലിക്കോട്ടുകോണം തടത്തരികത്തു വീട്ടിൽ നവാസ് (43), കരകുളം ചെക്കക്കോണം കുന്നിൽ പുത്തൻ വീട്ടിൽ എസ് ഷമീർ (30), കരകുളം കായ്പാടി പറങ്കിമാംവിള പുത്തൻ വീട്ടിൽ ബി മുഹമ്മദ് റാഫ് (45) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കൈയ്യേറ്റ ശ്രമം നടന്നത്.
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവരാണ് അക്രമത്തിന് ഇരയായത്.
മൂക്കിൽ നിന്ന് രക്തം വന്ന് മുളമുക്ക് സ്വദേശിയായ രോഗിയെ ചിലയാളുകൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ രോഗിയെ പരിശോധിച്ച ശേഷം രക്തം പരിശോധിക്കാൻ ലാബിലേക്ക് അയച്ചു. ഇവർ ലാബിലെത്തിയപ്പോൾ, ലാബ് അസിസ്റ്റന്റ് അവിടെ ഇല്ലായിരുന്നു. മറ്റൊരു രോഗിക്ക് രക്തം ഏർപ്പാട് ആക്കാനായി സമീപമുള്ള ബ്ലഡ് ബാങ്കിലേക്ക് പോയിരുന്നു. അൽപസമയം കാത്തു നിൽക്കാൻ ലാബിൽ ഉണ്ടായിരുന്ന ജീവനക്കാരി പറഞ്ഞതോടെ, രോഗിയോടൊപ്പം ഉണ്ടായിരുന്നവർ ലാബിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ അസഭ്യം പറഞ്ഞു.
ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ അവിടെയെത്തി അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് പ്രതികൾ ജീവനക്കാരെ കയ്യേറ്റം ചെയ്തത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നവാസിനെ കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
Discussion about this post