കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ച് തട്ടിപ്പ് നടത്തിയ ദമ്പതിമാർ അറസ്റ്റിൽ. പള്ളുരുത്തി ചാനിപ്പറമ്പിൽ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കൽ നികത്തിൽ വീട്ടിൽ കൃഷ്ണ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീടുവിട്ടിറങ്ങിയ പെൺകുട്ടിയിൽ നിന്ന് സ്വർണമാലയും ഫോണുമാണ് പ്രതികൾ തട്ടിയെടുത്തത്.
സോഷ്യൽ മീഡിയ വഴിയാണ് ഇവർ പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബവഴക്ക് ഇവർ മുതലെടുക്കുകയായിരുന്നു. വീട്ടിൽ വഴക്കാണെന്ന് പറഞ്ഞതോടെ ഇവർ പെൺകുട്ടിയോട് വീടുവിട്ടിറങ്ങാൻ പറഞ്ഞു. ഊട്ടിക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റും വേണ്ടി പണം കണ്ടെത്താൻ കുട്ടിയുടെ സ്വർണമാലയും ഫോണും വാങ്ങുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മാല പറവൂരിലെ ജ്വല്ലറിയിൽ നിന്ന് ഉരുക്കിയ നിലയിൽ കണ്ടെടുത്തു. നിരവധി കേസിലെ പ്രതിയാണ് അക്ഷയ് അപ്പു.












