ഇസ്ലാമാബാദ്: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിന് ദേശീയ ടീമിന്( Pakistan cricket team) ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി പാകിസ്താൻ. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പാകിസ്താൻ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര കടമകളെ തടസ്സപ്പെടുത്തില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സ്‌പോർട്‌സിൽ രാഷ്ട്രീയം കലർത്തരുതെന്നാണ് പാകിസ്താന്റെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാ കപ്പിന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിന് ഇന്ത്യയിലേക്ക് പാകിസ്താൻ ഇല്ലെന്ന് നിലപാട് എടുത്തത്. ലോകകപ്പ് മത്സരങ്ങളുടെ വേദിമാറ്റം ഉൾപ്പടെ പാകിസ്താൻ ക്രിക്കറ്റ് ഉന്നയിച്ച ആവശ്യങ്ങൾ ബിസിസിഐയോ ഐസിസിയോ അംഗീകരിച്ചിരുന്നില്ല. പിന്നാലെ ആയിരുന്നു ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
അതിനിടെ ഒക്ടോബർ 15 ന് നടക്കേണ്ടിയിരുന്ന ഇന്ത്യ- പാകിസ്താൻ മത്സരം ഒരു ദിവസം മുൻപേ നടത്താൻ തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാലാണ് തീയതി മാറ്റം. 2016 ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്താൻ പുരുഷ ടീം ഇന്ത്യയിലെത്തുന്നത്. 2012 ഡിസംബർ മുതൽ 2013 ജനുവരി വരെയാണ് പാകിസ്താൻ അവസാനമായി ഇന്ത്യൻ മണ്ണിൽ ഒരു പരമ്പര കളിച്ചത്,
Leave a Comment