ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാനുള്ള കഴിവാണ് അര്‍ബുദത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്. അര്‍ബുദകോശങ്ങളുടെ ഈ കഴിവ് സംബന്ധിച്ച് നിര്‍ണ്ണായകവിവരങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാല(യുഎസ്‌സി)യിലെ ഗവേഷകര്‍. അര്‍ബുദം പടരുന്നതിന്‌റെ രഹസ്യം മനസ്സിലാക്കിയാല്‍ ഭാവിയില്‍ അര്‍ബുദ വ്യാപനം തടയാനാകുമെന്നാണ് കരുതപ്പെടുന്നത്.
ഒരു കോശത്തിനുള്ളിലെ പ്രോട്ടീനുകളുടെ മടക്കുകളെ നിയന്ത്രിക്കുന്ന GRP78 എന്ന, കോശത്തിനുള്ളില്‍ കാണപ്പെടുന്ന മറ്റൊരു പ്രോട്ടീനെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷകരുടെ പഠനം. കോശങ്ങള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ GRP78 സജീവമാകുകയും, അതുവഴി ചികിത്സകളെ പ്രതിരോധിച്ച് വൈറസുകള്‍ പെരുകുകയും അര്‍ബുദം വളരുകയും ചെയ്യുമെന്ന് നേരത്തെ യുഎസ്‌സിയിലെ കെക് സ്‌കൂള്‍ ഓഫ് മെഡിസിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ കണ്ടെത്തല്‍ ഈ പ്രവര്‍ത്തനത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് കണ്ടെത്തിയിരിക്കുകയാണ്.
സാധാരണയായി GRP78 കോശത്തിന്റെ ഭാഗമായ എന്‍ഡോപ്ലാസ്മിക് റെറ്റിക്കുലത്തിലാണ് വസിക്കുന്നത്. എന്നാല്‍ കോശം സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ഇത് കോശത്തിന്റെ ന്യൂക്ലിയസിലേക്ക് വരികയും ജനിതക പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കി കോശത്തിന്റെ സ്വഭാവം തന്നെ മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ അര്‍ബുദ കോശങ്ങള്‍ കൂടുതല്‍ ചലനശേഷി നേടുകയും മറ്റ് ശരീരഭാഗങ്ങളിലേക്ക് അതിക്രമിച്ച് കടക്കുകയും ചെയ്യുന്നു. കോശത്തിലെ ന്യൂക്ലിയസില്‍ കടന്നുകൂടി ജനിതക സ്വഭാവം തന്നെ മാറ്റിമറിക്കുന്ന GRP78-ന്‌റെ സ്വഭാവം ആദ്യമായാണ് തിരിച്ചറിയപ്പെടുന്നത്.
അര്‍ബുദ കോശങ്ങളില്‍ നടക്കുന്ന അടിസ്ഥാന പ്രവര്‍ത്തനമെന്ന നിലയിലാണ് GRP78-ന്‌റെ പ്രവര്‍ത്തനം കണ്ടെത്തിയിരിക്കുന്നത്.
GRP78 നിയന്ത്രിക്കുന്ന പ്രധാന ജീനുകള്‍ കോശ നീക്കത്തിലും വ്യാപനത്തിലും ഉള്‍പ്പെടുന്നവയാണ്. കോശത്തിനുള്ളില്‍ GRP78,
ID2 എന്ന കോശങ്ങളെ മറ്റിടങ്ങളിലേക്ക് പോകാന്‍ അനുവദിക്കുന്ന ജീനുകളെ നിയന്ത്രിച്ചുനിര്ത്തുന്ന മറ്റൊരു പ്രോട്ടീനുമായി കൂടിച്ചേരുകയും അതോടെ കോശങ്ങളെ മറ്റിടങ്ങളിലേക്ക് പോകാതെ നിയന്ത്രിക്കുന്ന ID2-ന്‌റെ കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് അര്‍ബുദകോശങ്ങളുടെ വ്യാപനത്തിന് സഹായിക്കുന്നു.
അര്‍ബുദ ചികിത്സയില്‍ പുതിയ സമീപനങ്ങളുടെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. GPR78 ന്‌റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതും ID2-വുമായി കൂടിച്ചേരുന്നതില്‍ നിന്നും അതിനെ തടയുന്നതുമായ ചികിത്സകള്‍ കണ്ടെത്തുന്നത് അര്‍ബുദ വ്യാപനം തടയാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
Discussion about this post