ബംഗലൂരു: തക്കാളിയുടെ വിലക്കയറ്റം കുറച്ചു നാളായി ചർച്ചയാണ്. വിപണിയിൽ വില കുതിച്ചുയർന്നപ്പോൾ കർഷകർക്ക് ലഭിച്ചത് ഇരട്ടിലാഭം. കർണാടകയിലെ ചാമരാജ് നഗറിൽ നിന്നുളള തക്കാളി കർഷകനായ രാജേഷിന് ഇക്കുറി സീസൺ വിളവെടുപ്പിലൂടെ ലഭിച്ചത് 40 ലക്ഷം രൂപയുടെ ലാഭമാണ്.
കർണാടകയിൽ 12 ഏക്കറിലാണ് രാജേഷ് തക്കാളി കൃഷി ചെയ്തത്. 800 ചാക്ക് തക്കാളി ഇക്കുറി വിളവെടുത്തു. 40 ലക്ഷം രൂപയാണ് ലാഭം. കുറച്ചുനാൾ കൂടി വില ഉയർന്നു നിന്നാൽ ഒരു കോടി രൂപയെങ്കിലും ലാഭം ലഭിച്ചേനെയന്ന് രാജേഷ് പറയുന്നു. എന്നാൽ താൻ നിരാശനല്ല, എന്റെ ഭൂമിയിൽ എനിക്ക് വിശ്വാസമുണ്ട്. എസ്‌യുവി വാങ്ങാൻ ഉൾപ്പെടെ സഹായിച്ചത് ഇത്തവണത്തെ ലാഭമാണെന്നും രാജേഷ് പറയുന്നു.
ടിവി 9 ചാനലാണ് രാജേഷിന്റെ അനുഭവം റിപ്പോർട്ട് ചെയ്തത്. എസ്‌യുവി മാത്രമല്ല ജീവിതത്തിൽ ഒപ്പം നിൽക്കാൻ ഒരു വധുവിനെയും രാജേഷ് തേടുന്നുണ്ട്. സർക്കാർ ജോലിക്കാരെയും കോർപ്പറേറ്റ് ഉദ്യോഗസ്ഥരെയുമാണ് കൂടുതൽ പേർക്കും താൽപര്യം. എന്നാൽ സമയം ശരിയാണെങ്കിൽ ഇവർക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ പണം കൃഷിയിലൂടെ സമ്പാദിക്കാനാകുമെന്നാണ് തന്റെ അനുഭവം തെളിയിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.
മൺസൂൺ വൈകിയതും അമിതമായ ചൂടും ഉൾപ്പെടെയുളള ഘടകങ്ങൾ വിളവെടുപ്പിനെ ബാധിച്ചതോടെയാണ് തക്കാളിക്ക് വില കുതിച്ച് ഉയർന്നത്. കിലോയ്ക്ക് 160 രൂപയ്ക്ക് മുകളിലായിരുന്നു പലപ്പോഴും വില. ചില ഘട്ടങ്ങളിൽ 300 ന് അടുത്തു വരെ വില എത്തി. കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ വില കുറഞ്ഞെങ്കിലും ഇപ്പോഴും പഴയ നിലയിലേക്ക് എത്തിയിട്ടില്ല.
Discussion about this post