കൊല്ലം: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തേവലക്കര സ്വദേശി ഷിഹാബ് ആണ് അറസ്റ്റിലായത്. കൃത്യം നടത്തി എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
2015 ജൂൺ 21 നായിരുന്നു കൊല്ലം സ്വദേശിനി ഷെജീറ മരിച്ചത്. 17ാം തിയതി രാത്രി ബോട്ട് ജെട്ടിയ്ക്ക് സമീപം വെള്ളത്തിൽ വീണ് അബോധാവസ്ഥയിലായ നിലയിൽ ഷെജീറയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്ന് ദിവസം അബോധാവസ്ഥയിൽ ആശുപത്രിയിൽ തുടർന്നു. ഇതിന് ശേഷമായിരുന്നു മരണം. ഇതിന് പിന്നാലെ തന്നെ സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു. ശേഷം 2017 ൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കരിമീൻ വാങ്ങാൻ എന്ന പേരിലായിരുന്നു ഷിഹാബ് ഷെജീറയെ ജെട്ടിയിൽ എത്തിച്ചത്. തുടർന്ന് വെളിച്ചമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി തള്ളി ഇടുകയായിരുന്നു. സംഭവത്തിൽ ദൃക്‌സാക്ഷികളോ നേരിട്ടുള്ള തെളിവുകളോ ഉണ്ടായിരുന്നില്ല. പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയിൽ വെള്ളത്തിലേക്ക് വീഴാനുള്ള യാതൊരു സാദ്ധ്യതയും കണ്ടില്ല. ഇതോടെയായിരുന്നു സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഷെജീറയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. ഇതും തള്ളിയിട്ടതിന് തെളിവായി. ഇതോടെയായിരുന്നു ഷിഹാബിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷമായിരുന്നു ഷെജീറ കൊല്ലപ്പെടുന്നത്. വിവാഹ സമയത്ത് 50 പവൻ സ്വർണവും വെളുത്ത കാറും ആയിരുന്നു സ്ത്രീധനം ആയി നൽകിയിരുന്നത്. ഇരുണ്ട നിറം ആയിരുന്നു ഷെജീറയ്ക്ക്. ഇത് പറഞ്ഞ് നിരന്തരം ഇയാൾ ഷെജീറയെ ഉപദ്രവിച്ചിരുന്നു. വീട്ടുകാരെ ഫോൺ ചെയ്യാൻ പോലും സമ്മതിച്ചിരുന്നില്ല എന്നാണ് വിവരം. കറുത്ത പെണ്ണും വെളുത്ത കാറും എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഷെജീറയെ വിവാഹം ചെയ്യുന്നതിന് മുൻപ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഈ സ്ത്രീ പീഡനത്തെ തുടർന്ന് ബന്ധം ഒഴിയുകയായിരുന്നു.
Discussion about this post