ഇടുക്കി : മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദ്ദിച്ചു കൊന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി തങ്കമ്മ(81) ആ ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സജീവനെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിക്കാൻ വൈകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു.
ജൂലൈ 30നായിരുന്നു സംഭവം. തങ്കമ്മയും സജീവും മാത്രമാണ് വീട്ടിൽ താമസം. തങ്കമ്മയെ പരിചരിച്ചിരുന്നത് സജീവാണ്. സംഭവ ദിവസം സജീവൻ നൽകിയ ഭക്ഷണം അമ്മ കഴിക്കാൻ വൈകിയിരുന്നു. ഇതോടെ മദ്യലഹരിയിലായിരുന്ന സജീവ് അമ്മയെ മർദ്ദിക്കുകയായിരുന്നു്. ഭക്ഷണം നിലത്ത് തുപ്പിയതോടെ സജീവ് ചില്ലു ഗ്ലാസുകൊണ്ട് തങ്കമ്മയുടെ മുഖത്ത് അടിച്ചു. കട്ടിലിൽ നിന്ന് താഴെ വീണ തങ്കമ്മയുടെ തല കട്ടിലിൽ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പിറ്റേന്ന് അമ്മ കട്ടിലിൽ നിന്ന് താഴെ വീണെന്ന് മകൻ അയൽവാസികളെ അറിയിച്ചു. പിന്നീട് അവരുടെ സഹായത്തോടെ തങ്കമ്മയെ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിലെ പരിക്കുകൾ ഗുരുതരമായിരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഏഴാം തീയതിയാണ് തങ്കമ്മ മരിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി സജീവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post