എറണാകുളം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈിന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാല് ആഴ്ചത്തേക്കാണ് സ്റ്റേ.
നിയമവിരുദ്ധമായാണ് തങ്ങൾക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഗീത് കുമാർ ഹർജി നൽകിയത്. നാമജപ യാത്ര സംഘടിപ്പിച്ചത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും കേസ് അനാവശ്യമാണെന്നും എൻഎസ്എസ് കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തത്. ഇതിനിടെ എൻഎസ്എസിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല.
കഴിഞ്ഞ ആഴ്ചയായിരുന്നു എൻഎസ്എസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാമജപ യാത്ര സംഘടിപ്പിച്ചത്. ഇതിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രയ്‌ക്കെതിരെ ആയിരുന്നു പോലീസ് നടപടി. യാത്ര ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും, ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തത്. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. പരിപാടിയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Discussion about this post