കോയമ്പത്തൂര്‍: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി അന്വേഷണ കമ്മീഷന് നടത്തിയ തെളിവെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടതെന്ന് ആരോപിച്ച സിഡി ലഭിച്ചില്ല. കോയമ്പത്തൂര്‍ ശെല്‍വപുരത്തെ ശെല്‍വി എന്ന സ്ത്രീയുടെ വീട്ടിലാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ബിജു രാധാകൃഷ്ണന് മുമ്പ് ഈ വീട്ടില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്നു രേഖകള്‍ സഞ്ചിയിലാക്കി വീട്ടുകാര്‍ നല്‍കിയെങ്കിലും ഇതില്‍ സിഡി ലഭിച്ചില്ല.
ബിജുവും അഭിഭാഷകനും ചേര്‍ന്ന് പതിനഞ്ച് മിനിട്ടോളം ശെല്‍വിയുമായി വീടിനുള്ളില്‍ സംസാരിച്ചു. കുറച്ച് വിസിറ്റിംഗ് കാര്‍ഡുകളും സിം കാര്‍ഡുകളുമാണ് സഞ്ചിയിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജുവിനൊപ്പം മൂന്ന് പോലീസ് ഉദ്യോഗസ്ഥരും സോളാര്‍ കമ്മീഷനിലെ മൂന്ന് അഭിഭാഷകരുമാണു തെളിവെടുപ്പിനായി കോയമ്പത്തൂരിലെത്തിയത്.
സിഡിയും ലാപ്ടോപ്പും പെന്‍െ്രെഡവും തനിക്ക് കൈമാറിയ പൊതിയില്‍ നിന്നും മാറ്റിയെന്ന് ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിഡി കണ്ടെത്താനായില്ലെന്ന് ബിജു പറഞ്ഞു. ചില സര്‍ട്ടിഫിക്കറ്റുകളും വിസിറ്റിംഗ് കാര്‍ഡുകളും സീലുകളും ലെറ്റര്‍പാഡുകളും മാത്രമേ പൊതിയില്‍ ഉണ്ടായിരുന്നുള്ളൂ. ബിജു ഏല്‍പ്പിച്ച ചില രേഖകളാണ് ഇതെന്നും ഇത് കൈമാറാന്‍ തയ്യാറാണെന്നും സെല്‍വിയുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ചന്ദ്രന് ഒരു ബന്ധുവിന്റെ കൈവശം ഒരു തുണി സഞ്ചി വീട്ടിലെത്തിച്ചു. സഞ്ചി ബിജുവിനു മാത്രമേ നല്‍കാവൂയെന്ന ചന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിജുവിന് സഞ്ചി കൈമാറുകയായിരുന്നു.
ബിജുവുമായി സിഡി തേടിയുളള പൊലീസിന്റെ യാത്ര പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ബിജുവിന്റെ വാഹനവും മാധ്യമപ്രവര്‍ത്തകരുടെ വാഹനവും നിരത്തുകളില്‍ നിരനിരയായി നീങ്ങിയത് അപ്രതീക്ഷിത ഗതാഗത തടസത്തിന് ഇടയാക്കി. . കൂക്കുവിളിയോടും പരിഹാസത്തോടു കൂടിയാണ് ജനം പലയിടത്തും ബിജുവിനെ വരവേറ്റത്.
പാലിയക്കര ടോളില്‍ വെച്ചില് മറ്റു വാഹനങ്ങളെ ഒഴിവാക്കി ബിജുവിന്റെ വാഹനത്തിന് കടന്നു പോകാന്‍ പൊലീസ് പ്രത്യേകം സൗകര്യം ഒരുക്കി. മാധ്യമപ്രവര്‍ത്തകരുടെ വാഹനം തടയാനും ശ്രമമുണ്ടായി. തെളിവ് തേടാനുളള യാത്രയില്‍ മാധ്യമങ്ങളെ ഒഴിവാക്കാനുളള അജണ്ടയും പൊലീസ് നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
സിഡി കണ്ടെടുക്കാന്‍ തന്നോടൊപ്പം അകമ്പടി വരുന്ന പൊലീസുകാരുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വെയ്ക്കണമെന്ന് ബിജു രാധാകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു.
ആറ് മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചെത്താവുന്ന ദൂരത്ത് സിഡി സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷനില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയുടെ 56 കോപ്പികള്‍ കൈവശമുണ്ടെന്നും സിഡി നല്കാന് പത്ത് മണിക്കൂര്‍ സമയം അനുവദിക്കണമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്റെ ആവശ്യം. ഒരു സെറ്റ് സിഡികള്‍ വിദേശത്തുണ്ടെന്നും ബിജു വെളിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേയുള്ള തെളിവുകളടങ്ങുന്ന സി.ഡി ഇന്നു തന്നെ ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷനെ അറിയിച്ചു.കൂടുതല്‍ സമയം നല്കാന് കഴിയില്ലെന്ന് അറിയിച്ച കമ്മീഷന് ബിജുവിനൊപ്പം പോയി സിഡി പിടിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തിന് പുറത്താണെങ്കിലും സി.ഡി പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്നും ഈ ആരോപണം ഇങ്ങനെ നിലനിര്‍ത്താനാകില്ലെന്നും സോളാര്‍ കമ്മീഷന് വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരായ സി.ഡി ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന് ഇന്ന് രാവിലെ പറഞ്ഞിരുന്നു. തന്നെ ഭ്രാന്തനാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്നും ബിജു വ്യക്തമാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെ ഭരണത്തിലുള്ള ആറുപേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് ബിജു ആരോപിച്ചിരുന്നത്. ഇതിന്റെ സിഡി തന്റെ കൈവശമുണ്ടെന്നും സോളാര്‍ കമ്മീഷന് ആവശ്യപ്പെട്ടാല്‍ അത് ഹാജറാക്കുമെന്നും ബിജു പറഞ്ഞിരുന്നു.
.
Discussion about this post