വിവാഹശേഷം പുരുഷനേക്കാളേറെ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാറുണ്ട്. പുതിയ വീട്ടിലേക്ക് പറിച്ചുനടുന്നത് മുതൽ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ സ്ത്രീകൾ ജീവിതത്തിൽ നേരിടുന്ന ഒരു പ്രധാനപ്രശ്‌നത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ഒരു യുവതി. റിച്ച സിംഗ് എന്ന യുവതിയുടെ ട്വീറ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. വിവാഹത്തിന് ശേഷം സ്വന്തം മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാൻ പെൺമക്കൾക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യമാണ് ഇവർ ട്വീറ്റിലൂടെ ഉയർത്തുന്നത്.
വിവാഹശേഷം തന്റെ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്ന ജോലിയുള്ള ഭാര്യമാരെ ഭർത്താക്കൻമാർ എതിർക്കുന്നത് എന്തിനാണ്? ഇതേപ്പറ്റിയുള്ള നിരവധി ചർച്ചകൾ ഞാൻ വായിച്ചിട്ടുണ്ട്. ഒരു സ്ത്രീയ്ക്ക് സ്വന്തം പണം കൊണ്ട് അവളുടെ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?,” എന്നായിരുന്നു റിച്ച സിംഗിന്റെ ട്വീറ്റ്. ഒരു ലക്ഷത്തിലധികം പേരാണ് റിച്ചയുടെ ട്വീറ്റ് കണ്ടത്. പലരും റിച്ചയ്ക്ക് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
Why are husbands against their working wife supporting their parents financially after marriage or sending money? I have read way too many discussions on this and it surprises me why can't a woman support her parents with her own money!!
— Richa Singh (@RichaaaaSingh) August 9, 2023
നിയമവിരുദ്ധമല്ലാത്തിടത്തോളം സ്വന്തം പണം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീകൾക്കുണ്ടെന്നായിരുന്നു ഒരാളുടെ നിർദ്ദേശം. അവസരങ്ങൾ ഉണ്ടായിട്ടും മാതാപിതാക്കളെ സഹായിക്കാതെ മാറി നിൽക്കുന്ന പെൺകുട്ടികളെ കുറിച്ച് അറിയാമെന്ന് മറ്റൊരാൾ പറഞ്ഞു. മാതാപിതാക്കളെയും കുടുംബത്തിന്റെയും സാമ്പത്തിക കാര്യങ്ങൾ നോക്കേണ്ടത് പുരുഷന്റെ മാത്രം ഉത്തരവാദിത്വമെന്ന തെറ്റായ ധാരണ ഇപ്പോഴും കൊണ്ടു നടക്കുന്നവർ പതിവാണെന്നും ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും പല പെൺകുട്ടികളും ജോലിക്ക് പോകാൻ മടിക്കുന്നതിന്റെയും സാമ്പത്തികമായി സുരക്ഷിതമാരാവാൻ ശ്രമിക്കാത്തതിന്റെയും കാരണം അതാണെന്നും ഒരു ഉപയോക്താവ് കുറ്റപ്പെടുത്തി.
ഒരു കുടുംബത്തിലെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ ലിംഗ ഭേദമന്യേ എല്ലാവരും ശ്രമിക്കുമ്പോഴാണ് കുടുംബം പൂർണമാകുന്നതെന്നും വീട്ട് ചിലവുകളെക്കുറിച്ചും വരുമാനത്തെ കുറിച്ചും വീട്ടിലെ എല്ലാ അംഗങ്ങൾക്കും കൃത്യമായ ധാരണ ഉണ്ടായാൽ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നും മറ്റൊരാൾ നിർദ്ദേശിച്ചു. സാമ്പത്തിക കാര്യങ്ങൾ സ്വന്തം ഉത്തരവാദിത്വം മാത്രമാണെന്ന ചിന്ത പുരുഷന്മാർ മാറ്റിവെച്ച്, ആ ഭാരം എന്തെന്ന് പെൺകുട്ടികളെയും അറിയിക്കുക എന്നായിരുന്നു മറ്റൊരാളുടെ രസകരമായ ട്വീറ്റ്.
Discussion about this post