മുംബൈ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരവാദ കേസിൽ മഹാരാഷ്ട്രയിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. താനെ സ്വദേശി ഷാമിൽ സാഖ്വിബ് നച്ചാനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി.
സുൽഫിക്കർ അലി ബറോദ്‌വാല, മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനസ് സാഖി, സിമാബ് നസറുദ്ദീൻ കാസി, അബ്ദുൾ ഖാദിർ പത്താൻ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവർ. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഷാമിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിത അന്വേഷണത്തിലായിരുന്നു ഷാമിൽ പിടിയിലായത്. ഷാമിൽ ഭീകരാക്രമണം നടത്താൻ ബോംബ് നിർമ്മിക്കുകയും മറ്റുള്ളവർക്ക് ഇതിനായി പരിശീലനം നൽകുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ഷാമിലിനെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. ഇയാളുടെ കുടുംബത്തിന് ഭീകരവാദ പശ്ചാത്തലമുണ്ട്. ഷാമിലിന്റെ പിതാവ് സാഖ്വിനെ മുംബൈയിൽ ഭീകരാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിച്ചിട്ടുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
യുവാക്കളെയും യുവതികളെയും റിക്രൂട്ട് ചെയ്ത് പൂനെ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ സംഘടന രൂപീകരിക്കാൻ ശ്രമിച്ച കേസിലാണ് എൻഐഎയുടെ നടപടി. മുംബൈ നഗരത്തിൽ ഉൾപ്പെടെ വൻ ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ ചേർന്ന് ആസൂത്രണം നടത്തുകയും ചെയ്തു. സംഭവത്തിൽ ഇനിയും പ്രതികൾ ഉണ്ടെന്നാണ് സൂചന. ഇവർക്കായി എൻഐഎ അന്വേഷണം തുടരുകയാണ്.
Discussion about this post