കൊടുങ്ങല്ലൂർ; മതിലകം പൊക്ലായിയിൽ ആമകളെ കൈവശം വെച്ചെന്ന കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന പേരിൽ മാസങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന സുരേഷിന് ഒടുവിൽ ജാമ്യം ലഭിച്ചു. മലവേടൻ സമുദായക്കാരനായ സുരേഷ് ഈ കഴിഞ്ഞ ജൂൺ 13 മുതൽ ജയിലിൽ കഴിയുകയാണ്. കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേഷിന് ജാമ്യം അനുവദിച്ചത്. സുരേഷ് ജയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയുടെയും 4 മക്കളുടെയും ദുരിത കഥ ബ്രേവ് ഇന്ത്യ ന്യൂസ് പുറത്തു കൊണ്ടുവന്നിരുന്നു. നാല് കമ്പുകൾ നാട്ടി, കീറിപ്പഞ്ഞ ടാർപ്പായ കെട്ടിയ ഒരു ഷെട്ടിലായിരുന്നു ഭാര്യയും പെൺമക്കളും അടങ്ങുന്ന കുടുംബവും മഴയത്തും വെയിലത്തും കഴിഞ്ഞിരുന്നത്. ബ്രേവ് ഇന്ത്യ ന്യൂസിലൂടെ ഇവരുടെ ദുരിത ജീവിതമറിഞ്ഞ് പലരും സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.
കൃത്യമായ ഉപജീവനമാർഗം പോലുമില്ലാതെ കഴിഞ്ഞ കുറേ കാലങ്ങളായി ജീവിതം തള്ളി നീക്കുന്നതിനെ കുറിച്ച് സുരേഷിന്റെ ഭാര്യ റോജ ബ്രേവ് ഇന്ത്യ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ
സുരേഷിന്റെ സാമൂഹിക, സാമ്പത്തിക അവസ്ഥ പരിഗണിച്ച് കോടതി ആൾജാമ്യം അനുവദിക്കുകയായിരുന്നു.
കൈവശംവയ്ക്കാൻ പാടില്ലാത്ത രണ്ട് ആമയെ പിടികൂടിയതിനാണ് മലവേടൻ വിഭാഗക്കാരായ രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. നാലുമാസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങിയ ഇവർ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് വീണ്ടും രണ്ടുമാസത്തിലേറെ ജയിലിലിട്ടത്. ജാമ്യം ലഭിക്കാൻ കരമടച്ച രസീതും രണ്ട് ആൾ ജാമ്യവും വേണമെന്നുള്ള വ്യവസ്ഥയുള്ളതിനാൽ സുരേഷ് ഇരുട്ടറയ്ക്കുള്ളിൽ തന്നെയാവുകയായിരുന്നു.
കേരള സ്റ്റേറ്റ് ദളിത്-ആദിവാസി ലോയേഴ്‌സ് ഫോറം കോ-ഓർഡിനേറ്റർ അഡ്വ. സി.കെ. രാധാകൃഷ്ണൻ, മനുഷ്യാവകാശപ്രവർത്തകരായ സുധി ഷൺമുഖൻ, രാമൻ ബിനീഷ്, എം.ആർ. വിപിൻദാസ്, ജിസൽ ഭരതൻ, മുരളീചന്ദ്രൻ എന്നിവർ കോടതിയിലും ജയിലിലും എത്തിയിരുന്നു. അഡ്വ. പി.എച്ച്. മഹേഷാണ് ജാമ്യത്തിനായി ഹാജരായത്. മനുഷ്യാവകാശപ്രവർത്തകൻ എൻ.ബി. അജിതൻ, സുരേഷിന്റെ ബന്ധു സുജാത എന്നിവരുടെ ജാമ്യത്തിലാണ് സുരേഷിന്റെ ജയിൽമോചനം സാധ്യമായത്.
ജയിലിറങ്ങിയ ഉടൻ സർവ്വതും മറന്ന് റോജ സുരേഷിന്റെ അരികിലേക്ക് ഓടിയെത്തിയത് കണ്ടുനിന്നവരുടെ കണ്ണിൽ ഈറനണിയിച്ചു.
ആമയെയൊന്നും പിടിക്കാൻ പോകരുത് കണ്ണേ, ഞാനെത്ര അനുഭവിച്ചെന്നറിയുമോ? എന്ന് റോജ സ്‌നേഹപൂർവ്വം ശാസിച്ചു. ഇനി സുരേഷ് ആമയെ പോയിട്ട് ഓന്തിനെപ്പോലും പിടിക്കില്ല, ഉറപ്പ്. അത്രമാത്രം പേടിച്ചുകാണുമെന്ന് റോജ കൂട്ടിച്ചേർത്തു. ഇതിനകത്ത് ഞങ്ങൾ എങ്ങനെയാണ് കഴിഞ്ഞതെന്ന് ആരും അറിഞ്ഞില്ല. ഉടുതുണിക്ക് മറുതുണിയുണ്ടോയെന്ന് തിരക്കി ആരും വന്നില്ല. കാരണം ഞങ്ങൾക്ക് വോട്ടില്ല. നിങ്ങളെത്തിയത് നന്നായി. ഇനി ആമയെയൊന്നും പിടിക്കാൻ പോകില്ല
Discussion about this post