ഭോപ്പാൽ: സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനാണ് തന്റെ സർക്കാർ പ്രാമുഖ്യം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി മുഖ്യധാര കീഴടക്കുകയാണ്. രാജ്യത്തെ ദളിതരും പിന്നാക്ക വിഭാഗങ്ങളും വനവാസികളും സുവർണ കാലത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് സ്മാരകത്തിന്റെ ഭൂമിപൂജ ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 100 കോടി രൂപയ്ക്കാണ് സ്മാരകം നിർമ്മിക്കുന്നത്. നാലായിരം കോടി രൂപയുടെ റെയിൽ, റോഡ് നിർമ്മാണ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. രാജ്യത്തെ വനവാസി വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗക്കാർക്കും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലമായ ബനാറസിൽ ഒരു ക്ഷേത്രം നവീകരിച്ചു. ഭോപ്പാലിൽ നിർമ്മിക്കുന്ന ഗ്ലോബൽ സ്റ്റീൽ പാർക്കും സന്ത് രവിദാസ് ജിയുടെ നാമധേയത്തിലാണ് പണി കഴിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന സ്ഥലങ്ങളെ കോർത്തിണക്കി പഞ്ചതീർത്ഥം എന്ന പേരിൽ വികസന പദ്ധതികൾ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വനവാസി സമൂഹത്തിന്റെ മഹനീയ ചരിത്രം ഉദ്ഘോഷിക്കുന്ന നിരവധി മ്യൂസിയങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം ജനജാതീയ ഗൗരവ് ദിവസ് എന്ന പേരിൽ ആചരിക്കാൻ തുടങ്ങിയത് ബിജെപി സർക്കാരിന്റെ കാലത്താണെന്നും മോദി കൂട്ടിച്ചേർത്തു.
ഗോണ്ട് സമുദായത്തിന്റെ അഭിമാനമായിരുന്ന റാണി കമലാപതിയുടെ പേരിലാണ് ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ പുനർനാമകരണം ചെയ്തിരിക്കുന്നത്. താന്ത്യജിയുടെ പേരിലാണ് പാതാൾപാനി സ്റ്റേഷനെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post