പൂനെ: പൂനെ ഐഎസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് സുപ്രധാന വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഭീകരൻ ഷാമിൽ നാച്ചൻ നിരവധി ഭീകരാക്രമണ കേസിൽ പ്രതിയായ സാക്വിബ് നാച്ചന്റെ മകനാണ്. നിരോധിത സംഘടനയായ സിമിയുടെ മുൻനിര നേതാവായിരുന്ന സാക്വിബ് 2002-2003 മുംബൈ സെൻട്രൽ, വൈൽ പാർലെ, മുളുന്ദ് ഭീകരാക്രമണം, എന്നിവയിൽ പ്രതിയാണ്. ഈ കേസുകളിൽ ശിക്ഷ കഴിഞ്ഞ് സാക്വിബ് 2017 ൽ ജയിൽ മോചിതനായിരുന്നു. വർഷങ്ങൾക്കിപ്പുറം സാക്വിബിന്റെ മകനെ ഐഎസ്‌ഐഎസ് മൊഡ്യൂൾ കേസിൽ ആറാം പ്രതിയായിട്ട് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഭീകരസംഘടനയിൽ ഷാമിലിന്റെ പങ്ക് പ്രബലമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മുമ്പ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) സെക്രട്ടറിയായി പ്രവർത്തിച്ച സാക്വിബ് നാച്ചൻ അക്കാലത്ത് നിരവധി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരുന്നു. താനെയിലെ പദ്ഗയിൽ താമസിക്കുന്ന സാക്വിലിന്റെ മകൻ ഷാമിൽ ആകട്ടെ ഭീകരാക്രമണം ലക്ഷ്യം വച്ച് ഐഇഡി നിർമ്മാണത്തിലും പരിശീലനത്തിലും പരിശോധനയിലും സജീവമായി ഏർപ്പെട്ടു പോന്നു. ഇതിനകം പിടിയിലായ ഭീകരർ സുൽഫിക്കർ അലി ബറോദാവാല, മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാകി, സിമാബ് നസിറുദ്ദീൻ കാസി, അബ്ദുൾ കാദിർ പത്താൻ എന്നിവരുമായി ഇയാൾ അടുത്ത് സഹകരിച്ചിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കുന്നു.
2022 ഏപ്രിലിൽ രാജസ്ഥാനിൽ ഒരു വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളായ ഇമ്രാൻ ഖാനെയും മുഹമ്മദ് യൂനുസ് സാക്കിയെയും ”മോസ്റ്റ് വാണ്ടഡ്” ആയി എൻഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൂനെയിൽ പ്രവർത്തിക്കുന്ന ഈ സ്ലീപ്പർ സെല്ലിനെ നിർവീര്യമാക്കാനാണ് ശ്രമിക്കുന്നതെന്നും എൻഐഎ കൂട്ടിച്ചേർത്തു.
രാജ്യത്തിനകത്ത് സമാധാനവും സാമുദായിക സൗഹാർദവും തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടുന്നതെന്ന് എൻഐഎയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ഐഎസ്‌ഐഎൽ) എന്നിങ്ങനെ വിവിധ അപരനാമങ്ങളുള്ള കുപ്രസിദ്ധ തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിന്റെ അജണ്ടയ്ക്ക് അനുസൃതമായി ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
Discussion about this post