എറണാകുളം: സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ കേസ് എടുത്ത് പോലീസ്. ഇന്നലെ രാത്രിയോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് നടന്റെ പരാതി. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് ആയിരുന്നു അദ്ദേഹം പരാതി നൽകിയത്. ഇത് പിന്നീട് പനങ്ങാട് പോലീസിന് കൈമാറുകയായിരുന്നു. ഇതേ തുടർന്ന് പനങ്ങാട് പോലീസാണ് കേസ് എടുത്തത്. പരാതിക്കൊപ്പം ഇൻസ്റ്റഗ്രാം ലിങ്കും നൽകിയിരുന്നു. സംഭവത്തിൽ അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം.
നിരന്തരം മോശം പരാമർശം നടത്തി തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടൊവിനോ പോലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ ഇൻസ്റ്റഗ്രാം ഉടമയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ അന്വേഷണത്തിന് ശേഷം പോലീസ് തുടർനടപടികളിലേക്ക് കടക്കും.
Discussion about this post