വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കഴിഞ്ഞ ദിവസം ഖാലിസ്ഥാനി ഭീകരർ ഹിന്ദു ക്ഷേത്രം ആക്രമിച്ചു. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റിലും പിൻവാതിലിലും അക്രമികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകളും പതിച്ചു.
വാൻകൂവറിലെ ലക്ഷ്മിനാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രം തകർത്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് ക്ഷേത്ര ഭാരവാഹി സതീഷ് കുമാർ പറഞ്ഞു. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ സന്ദർശനം നടത്തിയപ്പോൾ ദർശനം നടത്തിയ ക്ഷേത്രമാണ് അക്രമികൾ തകർത്തിരിക്കുന്നത്.
സംഭവം പോലീസിൽ അറിയിച്ചതായി ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ആക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന് തങ്ങൾ ഭയന്നിരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇതുകാട്ടി ക്ഷേത്രത്തിന് സംരക്ഷണം നൽകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിഷയം ചർച്ച ചെയ്യാൻ ക്ഷേത്ര സമിതി അടിയന്തിര യോഗം വിളിച്ചു കൂട്ടിയിറ്റുണ്ട്.
ക്ഷേത്രത്തിന്റെ ഗേറ്റിലും മറ്റും പതിച്ചിരുന്ന ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളിൽ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷണർക്കും ടൊറോന്റോയിലെയും വാൻകൂവറിലെയും കോൺസുൽ ജനറൽമാർക്കും ഭീഷണിയുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി കാനഡയിലെ ഇന്ത്യൻ സംഘടനകൾ വ്യക്തമാക്കി.
ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷമാണ് കാനഡയിൽ ക്ഷേത്രങ്ങൾക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ ശക്തമായത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നാണ് ഖാലിസ്ഥാനികളുടെ ആരോപണം.
Discussion about this post