ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള തിരംഗ ക്യാമ്പയ്‌നിന്റെ ഭാഗമാകാൻ രാജ്യമെമ്പാടുമുള്ള ജനങ്ങോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ക്യാമ്പയ്‌നിനോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമ ഡിപികൾ (ഡിസ്‌പ്ലേ പിക്ചർ ) ദേശീയ പതാകയുടെ ചിത്രമാക്കി മാറ്റി.
ഹർഘർ തിരംഗ ക്യാമ്പെയ്‌നിനോട് ഒപ്പം ചേർന്ന് നമ്മുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ ഡിപികൾ ദേശീയ പതാകയാക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇത് നമ്മുടെ രാജ്യവുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സഹായിക്കും. രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ പിന്തുണ ക്യാമ്പെയ്‌നിന് ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വീറ്റിന് പിന്നാലെയായിരുന്നു അദ്ദേഹം ഡിപികൾ ദേശീയ പതാകയുടെ ചിത്രങ്ങൾ ആക്കിയത്. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങി എല്ലാ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെയും ഡിപികൾ അദ്ദേഹം മാറ്റി.
കഴിഞ്ഞ വർഷവും സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി ഹർ ഘർ തിരംഗ ക്യാമ്പയ്‌നിന് ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ഉൾപ്പെടെ ദേശീയ പതാക ഉയർത്താനും സമൂഹമാദ്ധ്യമങ്ങളിലെ ഡിപി മാറ്റാനും ആയിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
Discussion about this post