തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ്.റേഷൻ വിഹിതം വാങ്ങാത്ത 11,590 മഞ്ഞ കാർഡ് ഉടമകളുടെ വീടുകളിലാണ് പരിശോധന. താലൂക്ക് റേഷനിങ് ഇൻസ്‌പെക്ടർമാരാണ് പരിശോധന നടത്തുക.അനർഹമായാണോ മഞ്ഞ കാർഡ് കൈവശം വച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു.
അന്ത്യോദയ അന്നയോജന കാർഡുകൾക്ക് മാസം 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യമായും 2 കിലോ ആട്ട സൗജന്യ നിരക്കിലും ലഭിക്കുന്നുണ്ട്. 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ഈ കാർഡിന് ലഭിക്കും. എന്നാൽ ഒരു അംഗം മാത്രമുള്ള 7790 മഞ്ഞ കാർഡ് ഉടമകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇവർ നാല് മാസമായി റേഷൻ വിഹിതം വാങ്ങുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇത്ര വിലക്കുറവിലും സൗജന്യമായും സാധനങ്ങൾ ലഭിക്കുമെന്നിരിന്നിട്ടും അവ വാങ്ങാത്തതാണ് സംശയത്തിന് കാരണമായത്. മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാതിരുന്ന മഞ്ഞ, പിങ്ക് കാർഡ് ഉടമകളെ കഴിഞ്ഞ ജൂലൈയിൽ സർക്കാർ ലിസ്റ്റിൽ നിന്ന് നീക്കിയിരുന്നു. 59,035 കാർഡുകളാണ് നീക്കിയത്. നീല കാർഡുകാരെ വെള്ള കാർഡിലേക്കും മാറ്റിയിരുന്നു. 4265 പേരെയാണ് ഇത്തരത്തിൽ മാറ്റിയത്.
Discussion about this post