കോട്ടയം : ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ ഒരേ മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. ഐ എൻഡി ഐഎ എന്ന പേരിൽ മുന്നണി രൂപീകരിച്ചതിനു ശേഷം നടക്കുന്ന പ്രധാനപ്പെട്ട ആദ്യ മത്സരമെന്ന പ്രത്യേകതയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുണ്ട്.
ദേശീയതലത്തിൽ എൻ.ഡി.എ സഖ്യത്തിനെതിരെ പിടിച്ച് നിൽക്കാൻ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച മുന്നണിയാണ് ഐ എൻഡി ഐഎ. കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മുന്നണിയിൽ ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യു, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ശരദ് പവാറിന്റെ എൻസിപി എന്നിവ കഴിഞ്ഞാൽ അടുത്ത പ്രധാന കക്ഷിയാണ് സിപിഎം.
യുഡിഎഫിലെ ചാണ്ടി ഉമ്മനും എൽഡിഎഫിലെ ജെയ്ക്ക് സി തോമസുമാണ് ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികൾ. എൻഡിഎ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ആയിരിക്കും പുതുപ്പള്ളിയിൽ മത്സരിക്കുക. അങ്ങനെ നോക്കുമ്പോൾ ബിജെപിക്കെതിരെയുള്ള മുന്നണിയിലെ അംഗങ്ങളാണ് കോൺഗ്രസും സിപിഎമ്മും. പരസ്പരം മത്സരിക്കാതിരുന്നാൽ ജനങ്ങൾക്ക് മുന്നിൽ നാണം കെടുമെന്നതിനാലാണ് ഇരു പാർട്ടികളും മത്സരിക്കാൻ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.
ദേശീയ നേതാക്കൾ എത്തുമ്പോൾ സ്ഥാനാർത്ഥിയെ മാറിപ്പോകുമോ എന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് സിപിഎമ്മും സിപിഎമ്മിനു വേണ്ടി കോൺഗ്രസും കേരളത്തിലൊഴികെ മറ്റെല്ലായിടത്തും വോട്ട് ചോദിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇരു പാർട്ടികളുടേയും ദേശീയ നേതാക്കൾക്ക് കേരളത്തിൽ എത്തുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകുമെന്നാണ് ട്രോളന്മാർ പറയുന്നത്.
Discussion about this post