തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും. സമയോചിതമായി ഇരുവരും ഇടപെട്ടത് കാരണമാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായത്.
വിതുര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെയാണ് യാത്രക്കാരൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ കണ്ടക്ടർ പ്രശാന്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ഡ്രൈവർ സാജുവിനെ അറിയിക്കുകയുമായിരുന്നു. പിന്നാലെ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ബസ് തിരിച്ചു. ഉടൻ തന്നെ ചികിത്സ നൽകി.
യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. അവർ എത്തുന്നവരെ ഇരുവരും യാത്രക്കാരനു കാവലായി തുടർന്നു. ഇതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്. അരുവിക്കര എംഎൽഎ ജി സ്റ്റീഫനാണ് ഉറവ വറ്റാത്ത നന്മ പുറംലോകത്തെ അറിയിച്ചത്.
Discussion about this post