ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യ, ചൈന സേനാ കമാൻഡർമാർ ഇന്ന് ചർച്ച നടത്തും. സേനാതലത്തിൽ നടത്തുന്ന 19ാമത് ചർച്ചയാണ് ഇന്ന് നടക്കുക. അതിർത്തിയിലെ ചുഷുലിലാണ് കോർ കമാൻഡർ ചർച്ച നടക്കുക. സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാൻഡർ ലഫ്. ജനറൽ റഷിം ബാലി നയിക്കും.
ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഒരേ വേദിയിൽ വരാനിരിക്കെയാണ് സേനാതല ചർച്ച ഒരിക്കൽകൂടി നടക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 23 ന് ആണ് ഇരു സേനകളും ഒടുവിൽ ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നേരത്തെ ചർച്ച നടത്തിയിരുന്നു.
ഇന്നലെ ഗാൽവൻ വിഷയവുമായി ബന്ധപ്പെട്ട് സേനാവൃത്തങ്ങൾ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതിർത്തിയിലെ ഗാൽവൻ താഴ്വരയിൽ 2020 ജൂണിൽ ചൈന അതിക്രമിച്ചു കയറിയതിന് തൊട്ടുപിന്നാലെ ഇന്ത്യ മിന്നൽ വേഗത്തിൽ യുദ്ധസന്നാഹം നടത്തിയിരുന്നതായാണ് പ്രതിരോധ വൃത്തത്തിന്റെ വെളിപ്പെടുത്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 68,?000 സൈനികരെയും 9000 ടൺ യുദ്ധസാമഗ്രികളുമാണ് മണിക്കൂറുകൾക്കകം കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം എത്തിച്ചത്. വ്യോമസേനയുടെ കൂറ്റൻ ട്രാൻസ്പോർട്ട് വിമാനങ്ങളായ സി 130 ജെ സൂപ്പർ ഹെർക്കുലിസ്,? സി – 17 ഗ്ലോബ് മാസ്റ്റർ എന്നിവയാണ് പ്രത്യേക ഓപ്പറേഷന് ഉപയോഗിച്ചത്. 90 ടാങ്കുകളും, അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും 330 സൈനിക വാഹനങ്ങളും റഡാറുകളും എയർലിഫ്റ്റ് ചെയ്തു.2001ഡിസംബറിലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ ഇന്ത്യ – പാക് അതിർത്തിയിൽ നടത്തിയ ഓപ്പറേഷൻ പരാക്രമത്തിന് തുല്യമായിരുന്നു ഗാൽവൻ സേനാവിന്യാസം.
Discussion about this post