കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ സ്ഥാനാർത്ഥി ആയിരുന്നു അദ്ദേഹം. ബിജെപി നേതാവ് എൻ ഹരിയാകും ഇവിടെ സ്ഥാനാർത്ഥിയാകുക എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന സൂചനകൾ. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മൂന്ന് പേരുടെ പട്ടികയായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കെെമാറിയിരുന്നത്. ഇതിൽ നിന്നും ലിജിന്റെ പേര് കേന്ദ്ര നേതൃത്വം തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനോടകം തന്നെ പുതുപ്പള്ളിയിൽ പ്രചാരണം നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ ബിജെപി നടത്തിയിട്ടുണ്ട്.
പുതുപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുന്നത് സൗഹൃദ മത്സരമാണ്. ഈ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് മണ്ഡലത്തിൽ നിർണായക മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ജെയ്ക് സി തോമസിനെയാണ് ഇക്കുറിയും പുതുപ്പള്ളിൽ എൽഡിഎഫ് രംഗത്ത് ഇറക്കുന്നത്.
അടുത്ത മാസം അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായിരുന്നു പുതുപ്പുള്ളി. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post