ഇംഫാൽ : 1891-ലെ ആംഗ്ലോ-മണിപ്പൂരി യുദ്ധത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികളെ അനുസ്മരിച്ച് മണിപ്പൂർ ദേശസ്നേഹികളുടെ ദിനം ആചരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലും ജില്ലാ ഭരണകൂടങ്ങൾ ഇന്ന് ദേശസ്നേഹി ദിനാചരണം നടത്തി. മണിപ്പൂർ ഗവർണർ സുശ്രീ അനുസൂയ യു കെയും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും ഇംഫാലിലെ ബിർ തികേന്ദ്രജിതിൽ പുഷ്പാഞ്ജലി അർപ്പിച്ചു.
ചടങ്ങിനോടനുബന്ധിച്ച് മണിപ്പൂർ റൈഫിൾസിന്റെ ഒരു സംഘം ഗൺ സല്യൂട്ട് നൽകി. 1891 ഓഗസ്റ്റ് 13-ന് ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ട യുബരാജ് തികേന്ദ്രജിത്തിന്റെയും ജനറൽ തങലിന്റെയും അന്ത്യവിശ്രമസ്ഥലങ്ങളിൽ അതിരാവിലെ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പുഷ്പാർച്ചന നടത്തി. പൊതുജനങ്ങളുടെ പിന്തുണയോടെ തന്റെ സർക്കാർ മണിപ്പൂരിനെ തകർക്കാൻ ശ്രമിച്ചവരോട് പോരാടുകയാണെന്ന് മുഖ്യമന്ത്രി ചടങ്ങിന് ശേഷം വ്യക്തമാക്കി.
1891 മാർച്ച് 31 നും ഏപ്രിൽ 27 നും ഇടയിലായി ബ്രിട്ടീഷ് സാമ്രാജ്യവും പഴയ മണിപ്പൂർ രാജ്യവും തമ്മിൽ നടന്ന യുദ്ധമായിരുന്നു ആംഗ്ലോ -മണിപ്പൂർ യുദ്ധം. ബ്രിട്ടീഷുകാരായിരുന്നു ഈ യുദ്ധത്തിൽ അന്തിമ വിജയം നേടിയത്. യുദ്ധത്തിൽ വീരമൃത്യു വരിച്ച മണിപ്പൂരി സൈനികരെ ആദരിക്കുന്നതിനായാണ് എല്ലാവർഷവും ദേശസ്നേഹികളുടെ ദിനം ആചരിക്കുന്നത്.
Discussion about this post