ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞ് 77ാം സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ ഭാരതം. ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും. ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ രാവിലെ ഏഴ് മണിയോടെ പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തും.
ചെങ്കോട്ടയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഗാർഡ് ഓഫ് ഓണർ നൽകി പ്രധാനമന്ത്രിയെ സ്വീകരിക്കും. കര വ്യോമ സേനയിലെ 25 വീതം ഉദ്യോഗസ്ഥരും ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള 25 നാവിക സേനാംഗങ്ങളും ചേർന്നാണ് പ്രധാനമന്ത്രിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകുക. മേജർ വികാസ് സംഗ്‌വാൻ ഇതിന് നേതൃത്വം നൽകും.
രാവിലെ ഏഴരയോടെയാകും പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുക. ഇതിന് ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ നിർണായക പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തും. നാനാ മേഖലകളിൽ നിന്നുമുള്ള 1,800 വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണമുള്ളത്. ഖാദി തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ളവർ ക്ഷണം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വലിയ സുരക്ഷയാണ് ചെങ്കോട്ടയിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. പതിനായിരം സുരക്ഷാ സേനാംഗങ്ങളാണ് പ്രദേശത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ എഐ ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തോളം ക്യാമറകളാണ് ചെങ്കോട്ടയിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. ഇതിന് പുറമേ ഡ്രോൺ വേധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
Discussion about this post