ന്യൂഡൽഹി: ഇന്ത്യ- യുഎഇ വ്യാപാര ബന്ധത്തിൽ നിർണായക ചുവടുവയ്പ്പ്. ഇരു രാജ്യങ്ങളും പ്രാദേശിക കറൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തി. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയും യുഎഇയും പ്രാദേശിക കറൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തുന്നത്.
പത്ത് ലക്ഷം ബാരലിന്റെ ക്രൂഡ് ഓയിൽ ഇടപാടാണ് നടന്നത്. അടുത്തിടെ ലോക്കൽ കറൻസി സെറ്റിൽമെന്റ് നടപ്പാക്കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും നിർണായക നീക്കം. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിലായിരുന്നു ഇടപാട്. രൂപയിലും ദിർഹത്തിലുമായിരുന്നു ഇടപാട് എന്ന് യുഎഇയിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനവേളയിലായിരുന്നു ഇരുരാജ്യങ്ങളും പ്രാദേശിക കറൻസിയിൽ ഉഭയകക്ഷി വ്യാപാരങ്ങൾ നടത്താൻ ധാരണയിലായത്. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരിയും ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച് അന്ന് തന്നെ ഇരു രാജ്യങ്ങളും തമ്മിൽ സ്വർണമിടപാട് നടത്തുകയും ചെയ്തിരുന്നു. രൂപയിലും ദിർഹത്തിലുമായി 25 കിലോ സ്വർണത്തിന്റെ വ്യാപാരം ആയിരുന്നു നടത്തിയിരുന്നത്.
സാധാരണയായി വിദേശരാജ്യങ്ങളുമായുള്ള വ്യാപാരങ്ങൾ ഡോളറിനെ ആശ്രയിച്ചാണ് നടക്കാറുള്ളത്. പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്തുന്നതിലൂടെ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.
Discussion about this post