ന്യൂഡൽഹി: ഡൽഹിയിലെ നെഹ്രു മെമ്മോറിയൽ ആൻഡ് ലൈബ്രറിയുടെ (ഡൽഹി മ്യൂസിയം) പേര് മാറ്റി കേന്ദ്രസർക്കാർ. പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാണ് ഡൽഹി മ്യൂസിയത്തിന്റെ പുതിയ പേര്. സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുന്നതിന്റെ ഭാഗമാണ് പേര് മാറ്റം എന്നാണ് അധികൃതർ അറിയിക്കുന്നത്.
മ്യൂസിയം എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ ന്രിപേന്ദ്ര മിശ്രയാണ് പേര് മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. 77ാം സ്വാതന്ത്ര്യദിനമായ ഇന്നലെയായിരുന്നു ഔദ്യോഗികമായുള്ള പേര് മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ജനാധിപത്യവത്കരണം, വൈവിധ്യവത്കരണം എന്നീ കടമകൾ നിർവ്വഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ചകൾ. ഇതിലാണ് നെഹ്‌റു മെമ്മോറിയൽ ആൻഡ് മ്യൂസിയം പ്രധാനമന്ത്രി മെമ്മോറിയൽ എന്ന് ആക്കാൻ തീരുമാനിച്ചത്. തുടർന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസമാണ് പേരുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തത്. തുടർന്ന് ഇന്നലെ ഔദ്യോഗികമായി പേര് മാറ്റുകയായിരുന്നു.
അതേസമയം മ്യൂസിയത്തിന്റെ പേര് മാറ്റിയതിനെതിരെ കോൺഗ്രസ് രംഗത്ത് എത്തി. നെഹ്രുവിന്റെ പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
Discussion about this post