തിരുവനന്തപുരം: കേസ് അവസാനിപ്പിച്ചതുകൊണ്ട് മാത്രം സർക്കാരിന് സംഘടനയെ തണുപ്പിക്കാനാകില്ലെന്ന മുന്നറിയ്പ്പ് നൽകി എൻഎസ്എസ്. നാമജപയാത്രയ്‌ക്കെതിരായ കേസ് പോലീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലയായിരുന്നു സംഘടനയുടെ പ്രതികരണം. പരാമർശം സ്പീക്കർ പിൻവലിക്കുകയാണ് പ്രധാനമെന്നും നേതൃത്വം പ്രതികരിക്കുന്നു.
കേസ് കേസിന്റെ വഴിയ്ക്ക് പോകട്ടെ. കേസ് എടുത്ത നടപടിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകും. കേസ് പിൻവലിക്കൽ അല്ല തിരുത്തൽ ആണ് പ്രധാനം. ഹൈന്ദവ വിരുദ്ധ പരാമർശം സ്പീക്കർ പിൻവലിക്കുകയോ, തിരുത്തുകയോ വേണം. ഇതുവരെ മിത്ത് വിവാദത്തിൽ ഖേദം പ്രകടിപ്പിക്കാൻ ഷംസീർ തയ്യാറായിട്ടില്ല. സംഭവത്തിൽ സ്പീക്കർ മാപ്പ് പറയണം. ആ നിലപാടിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് ഇല്ലെന്നും എൻഎസ്എസ് വ്യക്തമാക്കുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എൻഎസ്എസിനെതിരായ കേസ് പിൻവലിക്കാനുള്ള പോലീസ് നീക്കം. എൻഎസ്എസിനെതിരായ കേസ് പുതുപ്പള്ളിയിൽ പ്രതികൂലമാകുമോയെന്ന് സർക്കാരിന് ഭയമുണ്ട്. ഇതേ തുടർന്ന് സർക്കാർ പോലീസിന് കേസ് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയെന്നാണ് സൂചന. തിരിച്ചടിയുണ്ടാകുമോയെന്ന ഭയത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post