കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കൊടുത്തവർക്കും വാങ്ങിയവർക്കും പരാതിയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പുതുപ്പളളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ പത്രികാ സമർപ്പണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ.
കേരളത്തിലെ സർക്കാരിനെ ആക്രമിക്കാൻ എന്തിനാണ് ആ പാവം പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് ജയരാജൻ ചോദിച്ചു. ദുരുദ്ദേശപരവും തെറ്റായ നിലപാടുമാണത്. നിങ്ങൾ മാദ്ധ്യമങ്ങൾ കൊടുക്കുന്നില്ലെങ്കിൽ ഇത് ആരും ഉന്നയിക്കുകയുമില്ല എവിടെയും ഉണ്ടാകുകയുമില്ല. വേണ്ടാത്ത തരത്തിൽ വ്യാഖ്യാനങ്ങൾ കൊടുക്കുകയും പ്രചരിപ്പിക്കുകയുമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
എല്ലാം അക്കൗണ്ട് പേ ആണ്. ടിഡിഎസ് അടച്ചു. ഇൻകം ടാക്‌സ് അടച്ചു. എല്ലാം ക്ലിയർ അല്ലേയെന്നും ഇപി ജയരാജൻ ചോദിച്ചു. വ്യക്തിഹത്യ നടത്തരുത്. രാഷ്ട്രീയത്തിൽ രാഷ്ട്രീയ മത്സരമാകും നടത്തേണ്ടത്. തോറ്റ പണി ചെയ്യരുത്. അത് മഹാപാപമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Discussion about this post