പാലക്കാട്: കാപ്പ കേസ് പ്രതിയിൽ നിന്നും വിലപിടിപ്പുള്ള പേന കൈക്കലാക്കി എസ്എച്ച്ഒ. തൃത്താല എസ്എച്ച്ഒ വിജയകുമാരനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ എസ്എച്ച്ഒയ്‌ക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് റിപ്പോർട്ട് നൽകി.
തൃത്താല ഞാങ്ങാട്ടിരി സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ തടത്തിലകത്ത് ഫൈസലിന്റെ കൈവശം ഉണ്ടായിരുന്ന പേനയാണ് വിജയകുമാരൻ കൈക്കലാക്കിയത്. മോണ്ട് ബ്ലാങ്ക് എന്ന കമ്പനിയുടേത് ആണ് പേന. ഇതിന് 60,000 രൂപയോളം വിലവരും. അന്വേഷണത്തിന്റെ ഭാഗമായി തൊണ്ടിമുതലെന്ന രീതിയിൽ വാങ്ങിയ പേന പിന്നീട് വിജയകുമാരൻ തിരികെ നൽകാതിരിക്കുകയായിരുന്നു. ജി.ഡിയിൽ എൻട്രി ചെയ്യുകയും ചെയ്തിരുന്നില്ല. ഏറെ നാളായും പേന തിരികെ ലഭിക്കാതെ വന്നതോടെ ഫൈസൽ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്.
കസ്റ്റഡിയിൽ എടുത്ത തന്റെ പക്കൽ നിന്നും ഒളിക്യാമറയുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് പേന വാങ്ങിയത് എന്നാണ് ഫൈസൽ പരാതിയിൽ പറയുന്നത്. പോലീസിന് പിന്നാലെ മുഖ്യമന്ത്രിയ്ക്കും വിജിലൻസിനും ഫൈസൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ പോലീസ് മേധാവി വകുപ്പ് തല നടപടിയ്ക്ക് ശുപാർശ ചെയ്തത്.
നോർത്ത് സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിനാണ് ശുപാർശ നൽകിയിരിക്കുന്നത്. നടപടി ക്രമങ്ങൾ പാലിച്ചില്ല,പേന കൈവശം വെച്ചതായി ജിഡിയിൽ ചേർത്തില്ല, കൃത്യ നിർവഹണത്തിൽ വീഴ്ച്ച സംഭവിച്ചു,പോലീസ് സേനയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കി, തുടങ്ങിയ പ്രശ്‌നങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ജില്ലാ പോലീസ് മേധാവി പരാതിക്കാരന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ക്രൈം റെക്കോർഡ് ബ്യുറോയാണ് പരാതിയിൽ അന്വേഷണം നടത്തിയത്.
Discussion about this post