മുംബൈ: വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് വിമാനത്താവളത്തിലെ ബോർഡിംഗ് ഗേറ്റിൽ കുഴഞ്ഞുവീണ പൈലറ്റിന് ദാരുണാന്ത്യം. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് സർവ്വീസ് നടത്താനിരുന്ന ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരക്ഷാ മേഖലയിൽ കാത്തു നിൽക്കുന്നതിനിടെയായിരുന്നു പൈലറ്റ് കുഴഞ്ഞുവീണത്. അബോധാവസ്ഥയിലായി കുഴഞ്ഞുവീഴുകയായിരുന്നു. കിംഗ്‌സ് വേ ആശുപത്രിയിലായിരുന്നു ഇയാളെ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ച ഉടനെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സിപിആർ നൽകിയെങ്കിലും പ്രതികരിക്കുന്നുണ്ടായില്ലെന്ന് ആശുപത്രി എമർജൻസി വിഭാഗം ജീവനക്കാർ പറഞ്ഞു. പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഇൻഡിഗോ ഔദ്യോഗിക വിശദീകരണം നൽകുമെന്നാണ് സൂചന. ബുധനാഴ്ച ഖത്തർ എയർവേയ്‌സിലെ സീനിയർ പൈലറ്റും യാത്രയ്ക്കിടെ അസുഖബാധിതനായി മരിച്ചിരുന്നു. യാത്രക്കാരനായി വിമാനത്തിൽ ഡൽഹിയിൽ നിന്നും ദോഹയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് വിമാനം ദുബായിലേക്ക് തിരിച്ചുവിട്ടെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post