ദുബായ് : മാവേലി തമ്പുരാനെ വരവേൽക്കാൻ ഭൂമിയിൽ മാത്രമല്ല അങ്ങ് ആകാശത്തും ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഓലനും കാളനും പച്ചടിയും കിച്ചടിയുമെല്ലാം കൂട്ടി വിഭവസമൃദ്ധമായ ഒരു ഓണസദ്യയാണ് ആകാശത്ത് കാത്തിരിക്കുന്നത്. കേരളത്തിലേക്ക് വരികയും തിരിച്ച് പോവുകയും ചെയ്യുന്ന മലയാളികൾക്ക് സദ്യ വിളമ്പാനൊരുങ്ങുകയാണ് ദുബായ് എമിറേറ്റ്‌സ് എയർലൈൻസ്.
20 മുതൽ 31വരെ 11 ദിവസം നീണ്ടുനിൽക്കുന്ന ഓണസദ്യയ്ക്ക് തുടക്കമായിരിക്കുകയാണ്.
ദുബായ് തിരുവനന്തപുരം, ദുബായ് കൊച്ചി വിമാനങ്ങളിൽ ഞായർ മുതൽ സദ്യയുണ്ട് പറന്നുയരാം.
എമിറേറ്റ്‌സിലെ മലയാളി പാചക വിദഗ്ധരാണ് സദ്യ ഒരുക്കുന്നത്. ഫസ്റ്റ് ക്ലാസിലും ബിസിനസ് ക്ലാസിലും ഇക്കോണമിയിലുമെല്ലാം സദ്യയുണ്ട്. ദിവസവും ഇവിടെ 2000 പേർക്കുളള സദ്യ ഉണ്ടാക്കുന്നുണ്ട്.
സാമ്പാർ കൂട്ടുകറി, കാളൻ, വെള്ളരിക്കാ പച്ചടി, പുളിയിഞ്ചി, ഉപ്പേരി, ശർക്കരവരട്ടി, കൊണ്ടാട്ടം മുളക് എന്നിവയാണ് സദ്യയിൽ മുന്നിലെങ്കിലും നോൺ വെജിറ്റേറിയൻ ആവശ്യമുള്ളവർക്ക് അതും ലഭിക്കും. ബിസിനസ് ക്ലാസിൽ ആലപ്പുഴ കോഴിക്കറിയാണ് സ്‌പെഷൽ. ഇക്കണോമി ക്ലാസിൽ തേങ്ങാപ്പാലിൽ തയാറാക്കുന്ന സ്‌പൈസ് ചിക്കനാണ് നോൺവെജ് വിഭവം. എല്ലാ ക്ലാസിലും പഴവും രണ്ടു കൂട്ടം പായസവും ഡിസേർട്ടായി ലഭിക്കും. പാലടയും അടപ്രഥമനുമാണ് പായസം.
Discussion about this post