തിരുവനന്തപുരം: തലച്ചോറിനെ ബാധിക്കുന്ന അപൂർവ രോഗാവസ്ഥയെ അതിജീവിച്ച് 70 വയസ്സുകാരി. തലച്ചോറിന്റെ ഉപരിതലത്തിലുള്ള രക്തക്കുഴലിലെ ദുർബലമായ ഭാഗത്ത് (അന്യൂറിസം) അനിയന്ത്രിതമായ രക്തസ്രാവമുണ്ടാകുന്ന സബ്അരക്നോയിഡ് ഹെമറേജ് എന്ന അവസ്ഥയെ ആണ് വയോധിക തരണം ചെയ്തത്. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന അത്യാധുനിക ന്യൂറോ ഇന്റെർവെൻഷ്ണൽ പ്രൊസീജിയറിലാണ് രക്തസ്രാവം നിയന്ത്രിച്ച് രോഗാവസ്ഥ ഭേദമാക്കിയത്.
തുടർച്ചയായി കടുത്ത തലവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് രോഗി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നത്. രോഗിയിൽ നടത്തിയ എംആർഐ സ്‌കാനിൽ തലച്ചോറിനും ചുറ്റുമുള്ള പാളിക്കുമിടയിലായി രക്തസ്രാവം (സബ്അരക്നോയിഡ് ഹെമറേജ്) സ്ഥിരീകരിക്കുകയായിരുന്നു. തലയോട്ടിക്കുള്ളിൽ രക്തം പൊട്ടിയൊഴുകുന്നതുമൂലം തലച്ചോറിന് ചുറ്റുമുള്ള ഫ്‌ളൂയിഡിൽ രക്തപ്രവാഹം ഉണ്ടാവുകയും തലച്ചോറിലെ സമ്മർദ്ദം വർദ്ധിച്ച് രോഗിയുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നു. ലക്ഷത്തിൽ ഒൻപത് പേർക്ക് മാത്രമാണ് ഈ അപൂർവ രോഗാവസ്ഥ റിപ്പോർട്ട് ചെയ്യാറുള്ളത്.
ന്യൂറോ ഇന്റെർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം എൻഡോവാസ്‌കുലർ കോയിലിംഗ് നടത്തുകയായിരുന്നു. രക്തധമനിക്കുള്ളിലൂടെ ട്യൂബ് രൂപത്തിലുള്ള മൈക്രോ കത്തീറ്റർ കടത്തി വിട്ട് അന്യൂറിസവും ധമനിയുമായുള്ള ബന്ധം ഫലപ്രദമായി അടയ്ക്കുന്ന പ്രക്രിയയാണ് എൻഡോവാസ്‌കുലർ കോയിലിംഗ്.
അനിയന്ത്രിതമായ പ്രമേഹവും ഹൈപ്പർടെൻഷനുമാണ് സബ്അരക്നോയിഡ് ഹെമറേജിന് കാരണമാകുന്നതെന്ന് ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. സാധാരണയായി ഇത്തരം കേസുകളിൽ തലയോട്ടി തുറന്നുള്ള സങ്കീർണ്ണ ശസ്ത്രക്രിയാനടപടികൾ ആവശ്യമായിരുന്നു. എന്നാൽ എൻഡോവാസ്‌കുലർ കോയിലിംഗിലൂടെ ശസ്ത്രക്രിയ കൂടാതെ തന്നെ അന്യൂറിസത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂറോ ഇന്റെർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ദിനേഷ് ബാബു, ന്യൂറോഅനസ്തേഷ്യ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജയന്ത് ആർ ശേഷൻ എന്നിവർ പ്രൊസീജിയറിന്റെ ഭാഗമായി.
Discussion about this post