തിരുവനന്തപുരം: പുതിയ രജനികാന്ത് ചിത്രം ജയിലർ കണ്ട് ജയിലിലായിപ്പോയ പ്രതീതിയാണ് ഉണ്ടായത് എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അദ്ധ്യക്ഷൻ ഡോ. സുൽഫി നൂഹ്. സിനിമയിലെ സംഘട്ടനങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓൺലൈൻ ഗെയിമുകളും ഇത്തരം സിനിമകളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മുഴുവൻ അട്ടഹാസങ്ങളും വെടിയൊച്ചകളുമാണെന്ന് ഡോ. നൂഫ് ഫേസ്ബുക്കിൽ കുറിച്ചു. തലങ്ങും വിലങ്ങും വെടിയൊച്ച. തല വെട്ടിയെടുക്കുന്നു, കൈകാലുകൾ വെട്ടിയെടുക്കുന്നു. ചെവി വരെ വെട്ടിയെടുക്കും!പിന്നെ കുറെ അട്ടഹാസങ്ങളും അലർച്ചകളും. തീഹാർ ജയിൽ പ്രകടനം വല്ലാതങ്ങ് തകർത്തു കളഞ്ഞു. രണ്ടുമിനിറ്റ് പ്രത്യക്ഷപ്പെടുന്ന മോഹൻലാലുംഇടയ്‌ക്കൊക്കെ മലയാളം പറഞ്ഞ് തകർപ്പൻ പ്രകടനം എന്ന് ആരെയൊക്കെയോ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വിനായകന്റെ പ്രകടനവും അരോചകമാണ്. ഓൺലൈൻ ഗെയിം കളിക്കുന്ന കുട്ടികളെ കുറ്റം പറയുന്നവരാണ് ഇത്തരം സിനിമകളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജയിലർ’ കണ്ട്,
-ജയിലിലായി -! ??
ബബബബ
‘ജയിലർ’ കണ്ടേതാണ്ട് മൂന്ന് മണിക്കൂറോളം ജയിലിലായ പ്രതീതിയായിരുന്നു എനിക്ക് !
ജയിൽ ചാടി ഓടാൻ പറ്റിയില്ല കൂടെ ഭാര്യയും, സഹോദരിയുടെ മകളും .
രജനികാന്ത്, മോഹൻലാൽ, വിനായകൻ ആരാധകരുടെ ഹാലിളകൽ സാധ്യത തള്ളിക്കളയുന്നില്ല .
എന്നാലും കണ്ട സിനിമയെക്കുറിച്ച് പറയാൻ
ആ ഹാലിളകൽ തടസ്സമാകാൻ പാടില്ലല്ലോ!
തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിച്ചു പോട്ടെ!
അട്ടഹാസങ്ങൾക്കും വെടിയൊച്ചകൾക്കും ശബ്ദ കോലാഹലങ്ങൾക്കുമിടയിൽ ഞാനൊരല്പം ഉറങ്ങുകയും ചെയ്തു.
സിനിമ കണ്ടിറങ്ങിയപ്പോൾ മലയാളികളുടെ സിനിമാസ്വാദനം എങ്ങോട്ട് പോണു എന്നായി എനിക്ക് സംശയം.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വല്ലാത്തൊരു മാർക്കറ്റിംഗ് , ഏതൊരു തട്ടുപൊളിപ്പനെയും മഹാ സിനിമയാക്കി വാഴ്ത്തപ്പെടുന്ന കാലം.
രജനീകാന്തിന്റെ സ്ഥിരം പ്രകടനങ്ങൾ എന്ന വാദഗതി അവിടെ നിൽക്കട്ടെ .
അദ്ദേഹത്തിൻറെ സിനിമകളിൽ ചിലതൊക്കെ ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയാതെ വയ്യ!
എന്നാലും ഇത് കടുത്തു പോയി.
തലങ്ങും വിലങ്ങും വെടിയൊച്ച,
തല വെട്ടിയെടുക്കുന്നു, കൈകാലുകൾ വെട്ടിയെടുക്കുന്നു.
ചെവി വരെ വെട്ടിയെടുക്കും!
പിന്നെ കുറെ അട്ടഹാസങ്ങളും
അലർച്ചകളും.
തീഹാർ ജയിൽ പ്രകടനം വല്ലാതങ്ങ് തകർത്തു കളഞ്ഞു.
രണ്ടുമിനിറ്റ് പ്രത്യക്ഷപ്പെടുന്ന മോഹൻലാലും
ഇടയ്‌ക്കൊക്കെ മലയാളം പറഞ്ഞ് തകർപ്പൻ പ്രകടനം എന്ന് ആരെയൊക്കെയോ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വിനായകന്റെ പ്രകടനവും അരോചകം.
അദ്ദേഹത്തിൻറെ നല്ല സിനിമകളെ വിസ്മരിക്കുന്നില്ല
ഇതൊക്കെ അതിഗംഭീര സിനിമ എന്ന് വാഴ്ത്തുന്ന ഗംഭീര ആസ്വാദകർക്ക് നല്ല നമസ്‌കാരം!
ഓൺലൈൻ ഗെയിം കളിക്കുന്ന കുട്ടികളെ കുറ്റം പറയുന്നവരാണ് ഇത്തരം സിനിമകളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത്.
ജയിലിലായ മൂന്നുമണിക്കൂർ ഇനി തിരികെ കിട്ടില്ലല്ലോ!
വിധി!
നിങ്ങളെങ്കിലും ജയിലിലാകാതെ സൂക്ഷിച്ചോ!
അത്രതന്നെ.
ഡോ സുൽഫി നൂഹു
Discussion about this post