പിന്നോക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്തി
ഹിന്ദു ഐക്യം ലക്ഷ്യം വെച്ച് ദേശീയതലത്തില്‍ പ്രചാരണത്തിനൊരുങ്ങി ആര്.എസ്.എസ്. ദളിത്, പിന്നാക്ക സമുദായങ്ങളെ ലക്ഷ്യം വെച്ചാണ് പ്രചാരണം. 2017 ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നിര്‍ണ്ണായകമാണ് ഈ സമുദായങ്ങളുടെ വോട്ടുകള്‍.
ജനുവരി മൂന്ന് മുതല്‍ 10 വരെ സമൂഹ ഐക്യത്തെക്കുറിച്ച് രാവിലത്തെ ക്ലാസുകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്ന് ആര്.എസ്.എസ് നേതാവ് സതീഷ് പിംപ്ലിക്കര് പറഞ്ഞു. ഈ ക്ലാസുകളില്‍ പങ്കെടുക്കുന്ന ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പിന്നീട് സമൂഹഐക്യത്തെക്കുറിച്ചുള്ള സംഘടനാ കാഴ്ചപ്പാടുകള്‍ ആളുകളിലേക്കെത്തിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദളിതരടക്കമുള്ള വിവിധ വിഭാഗത്തിലെ ആളുകള്‍ ഒരുമിച്ചിരിയ്ക്കുകയും ഭക്ഷണം കഴിയ്ക്കുകയും ചെയ്യും. അതിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യം വളര്‍ത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും സതീഷ് പിംപ്ലിക്കര് വ്യക്തമാക്കി.
എല്ലാ ഹിന്ദുക്കളും സഹോദരരാണ് എന്ന പേരില്‍ ലഘുലേഖകള്‍ ഭോപ്പാല്‍ , ഗ്വാളിയര്‍, ചമ്പല്‍, നര്‍മദപുരം എന്നിവടങ്ങില്‍ ആര്.എസ്.എസ് വിതരണം ചെയ്യുന്നുണ്ട്. 32 പേജുള്ള ലഘുലേഖയില്‍ അംബേദ്കര്‍, മുന്‍ ആര്.എസ്.എസ് നേതാക്കളായ ബാലസാഹിബ് ദിയോറാസ്, എം.എസ് ഗോള്‍വാക്കര്‍ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
Discussion about this post