കൊല്ലം: കൊല്ലത്ത് അധികം താമസിയാതെ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളുടെ വിലയിൽ നേരിയ കുറവ് വരും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കൊല്ലം തുറമുഖത്ത് ഇന്ധന സംഭരണ-വിതരണ കേന്ദ്രത്തിന് ആലോചനയിടുന്നുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലോറിവാടക ഒഴിവാകുമെന്നതിനാലാണ് താരതമ്യേന കുറഞ്ഞ വിലയ്ക്ക് കൊല്ലത്ത് ഇന്ധനം ലഭ്യമാകുക.
പദ്ധതിയുടെ രൂപരേഖ മാരിടൈം ബോർഡ് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇന്ധന സംഭരണ ടാങ്ക് സ്ഥാപിക്കാൻ തുറമുഖത്തോടു ചേർന്നുള്ള നിശ്ചിത സ്ഥലം വിട്ടുനൽകാനാണ് ആലോചന. കൊച്ചിയിൽ നിന്നു കപ്പലിൽ കൊല്ലം തുറമുഖത്ത് ഇന്ധനം എത്തിച്ച ശേഷം പമ്പുകൾക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം. നിലവിൽ കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിലാണ് ജില്ലയിലെ പമ്പുകളിൽ ഇന്ധനമെത്തിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ കൊല്ലം- കൊച്ചി പാതയിൽ ടാങ്കർ ലോറികളുടെ എണ്ണം കുറയും. കപ്പലുകൾ കൂടുതൽ എത്തുന്നതോടെ കൊല്ലം തുറമുഖവും സജീവമാകും.
സംഭരണ കേന്ദ്രം വരുന്നതോടെ കൊല്ലം തുറമുഖം കപ്പലുകളിൽ ഇന്ധനം നിറയ്ക്കുന്ന സ്ഥിരം ബങ്കറിംഗ് കേന്ദ്രമാകാനും സാദ്ധ്യതയുണ്ട്. സ്ഥിരം ബങ്കറിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലേക്ക് പോകുന്നതും ഒഴിവാക്കാനാകും.
Discussion about this post