ലണ്ടൻ: നവജാത ശിശുക്കളെ ക്രൂരമായി കൊന്നൊടുക്കിയ പിശാച് നഴ്‌സ് എന്നറിയപ്പെടുന്ന ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി. 2015ലും 2016ലും അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കൊല്ലുകയും മറ്റ് നവജാതശിശുക്കളെ ആക്രമിക്കുകയും ചെയ്ത കേസിലാണ് വിധി. പത്ത് മാസം നീണ്ട വിചാരണയ്‌ക്കൊടുവിൽ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണു ലൂസി കുറ്റക്കാരിയെന്നു കണ്ടെത്തിയത്. ലൂസിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ജീവിതാവസാനം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.
രാത്രി ജോലിക്കിടെ ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ താൻ കൊന്നതെന്ന് ലൂസി പൊലീസിനോട് വെളിപ്പെടുത്തി. കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ‘കുട്ടികളെ നോക്കാൻ എനിക്കു പറ്റില്ല, ഞാൻ പിശാചാണ്’ എന്ന് ലെറ്റ്ബി എഴുതിവച്ചിരുന്നു. രോഗമൊന്നുമില്ലാത്ത നവജാതശിശുക്കൾ തുടർച്ചയായി മരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സിന്റെ ക്രൂരത പുറത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നഴ്‌സിന്റെ സഹപ്രവർത്തകനായിരുന്ന ഇന്ത്യൻ ഡോക്ടർ പറഞ്ഞ വാക്കുകളും ചർച്ചയാവുകയാണ്. ആദ്യ മരണങ്ങൾ ഉണ്ടായ ഉടനെ പോലീസിനെ അറിയിക്കുകയും വേണ്ടത്ര ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഏഴ് ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്നാണ് ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർ രവി ജയറാം പറയുന്നത്. 2015 ജൂണിൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിന് ശേഷമാണ് കൺസൾട്ടന്റുമാർ ആദ്യം ആശങ്ക ഉന്നയിക്കാൻ തുടങ്ങിയത്. കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചതിനാൽ, ലെറ്റ്ബിയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ മുതിർന്ന ഡോക്ടർമാർ ആശുപത്രി എക്‌സിക്യൂട്ടീവുകളുമായി നിരവധി മീറ്റിംഗുകൾ നടത്തി.ഒടുവിൽ, 2017 ഏപ്രിലിലാണ് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ട്രസ്റ്റ് പോലീസിനോട് പരാതിപ്പെടാൻ ഡോക്ടർമാരെ അനുവദിച്ചതെന്ന് ഡോക്ടർ രവി ജയറാം പറയുന്നു.
Discussion about this post