ഭോപ്പാൽ: കാണാതായ ഭർത്താവിനെ തിരഞ്ഞുപിടിച്ച് കണ്ടെത്തിയ സ്ത്രീയ്ക്ക് ആളെ മാറിപോയതായി പോലീസ്. മദ്ധ്യപ്രദേശിലെ കമലനഗറിലാണ് സംഭവം. പരാതിക്കാരിയുടെ ഭർത്താവിനെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. ഒന്നര ആഴ്ച മുമ്പ്, അദ്ദേഹത്തെ അവർ കണ്ടെത്തി വീട്ടിലെത്തിച്ചു. 11 ദിവസം കൂടെനിന്ന് പരിചരിച്ച ശേഷമാണ് തനിക്ക് പറ്റിയ അബന്ധം സ്ത്രീയ്ക്ക് മനസിലായത്. 11 ദിവസമായി തന്റെ കൂടെ ഉള്ളത് ഭർത്താവല്ലെന്നും ഭർത്താവിന്റെ രൂപസാദൃശ്യമുള്ള ഒരാളെന്നും വൈകി തിരിച്ചറിയുകയായിരുന്നു.
രണ്ട് മാസം മുമ്പ് ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ മാനസികാസ്വാസ്ഥ്യമുള്ള ഭർത്താവായ പപ്പു താക്കൂറിനെ കാണാതായിരുന്നു. ഇയാളുടെ ഭാര്യ മാൽതി താക്കൂർ അദ്ദേഹത്തെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തി. ഫോട്ടോകൾ സോഷ്യൽ മീഡിയയിലും പത്രങ്ങളിലൂടെയും പുറത്തുവിട്ടു. നിരവധി സാമൂഹിക പ്രവർത്തകർ മൽതിയെ ഭർത്താവിനെ കണ്ടെത്താൻ സഹായിച്ചു. ഒടുവിൽ ഒന്നര ആഴ്ച മുൻപ് ആശുപത്രിക്ക് സമീപത്ത് വച്ച് അവൾ ഭർത്താവിനെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ഭർത്താവിനെ കുളിക്കാൻ സഹായിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ടാറ്റൂ കാണാതെ വന്നതോടെയാണ് സംശയം ഉണ്ടായത്. തുടർന്നാണ് അമിളി പറ്റിയതായി മനസിലായത്. ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു. എന്നാൽ ഭർത്താവിന്റെ രൂപസാദൃശ്യമുള്ള ആൾ ആരാണെന്ന് ഇത് വരെ മനസിലായിട്ടില്ല.
Discussion about this post