ഭോപ്പാൽ; തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മദ്ധ്യപ്രദേശിലും സൗജന്യങ്ങളുടെ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ് രിവാൾ. സത്‌നയിൽ പാർട്ടി യോഗത്തിൽ പ്രസംഗിക്കവേ സൗജന്യ വൈദ്യുതിയും തൊഴിലില്ലാത്ത യുവാക്കൾക്ക് 3000 രൂപ വീതവും ചികിത്സാ സഹായവും ഉൾപ്പെടെയാണ് കെജ് രിവാൾ മുന്നോട്ടുവെച്ചത്. ഗുണനിലവാരമുളള സ്‌കൂളുകൾ നിർമിക്കുമെന്നും വാഗ്ദാനമുണ്ട്.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കടന്നാക്രമിച്ചായിരുന്നു കെജ് രിവാളിന്റെ സൗജന്യ വാഗ്ദാനങ്ങൾ. മാമനെ വിശ്വസിക്കരുതെന്നും അനന്തരവൻമാരെ ചതിക്കുകയാണ് മാമൻ ചെയ്യുന്നതെന്നും കെജ് രിവാൾ പറഞ്ഞു. നിങ്ങളുടെ മകൻ, സഹോദരൻ, ചാച്ചാ ഇപ്പോൾ വന്നു. ചാച്ചനെ വിശ്വസിക്കണം സ്വയം വിശേഷിപ്പിച്ച് കെജ് രിവാൾ പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാനെ മാമ എന്ന് വിളിക്കുന്നത് പരാമർശിച്ചായിരുന്നു കെജ് രിവാളിന്റെ വാക്കുകൾ.
രാഷ്ട്രീയ നേതാക്കൾ പാർട്ടികൾക്ക് വേണ്ടി പുറത്തിറക്കുന്ന പ്രകടനപത്രികയിലെ കാര്യങ്ങൾ പലതും വായിച്ചുപോലും നോക്കാറില്ല. പക്ഷെ കെജ് രിവാളിന്റെ വാഗ്ദാനങ്ങൾ അങ്ങനെയല്ല, നിറവേറ്റപ്പെടും. നിങ്ങൾ കോൺഗ്രസിനും ബിജെപിക്കും അവസരങ്ങൾ നൽകി. എന്നാൽ ഡൽഹിയിലെയും പഞ്ചാബിലെയും ഞങ്ങളുടെ സർക്കാരുകളെ കണ്ടുപഠിക്കൂ. ഞങ്ങൾ വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ട്. കെജ് രിവാൾ പറഞ്ഞു.
അടുത്തിടെ യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി നഗരം വെളളക്കെട്ടിലായിരുന്നു. വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ കെജ് രിവാൾ സർക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്ന് അന്ന് വ്യാപക വിമർശനം ഉണ്ടായിരുന്നു. നേരത്തെ നിർമാണം പോലും പൂർത്തിയാകാത്ത ഒരു സ്‌കൂൾ കെട്ടിടം പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വെബ്‌സൈറ്റിൽ കാണിച്ചതും ബിജെപി പൊളിച്ചടുക്കിയിരുന്നു.
Discussion about this post